കോട്ടയം: പ്രളയത്തിന്‍റെയും ഉരുൾപൊട്ടലിന്‍റെയും ഭീകരതയില്‍ നിന്ന് ദുരിതബാധിതരെ കരകയറ്റാനുള്ള ശ്രമത്തിലാണ് കോട്ടയം ജില്ല. കൂടെയുണ്ട് കോട്ടയം എന്ന പദ്ധതിയിലൂടെയാണ് ദുരിതബാധിതർക്കുള്ള സാധന സാമഗ്രികള്‍ സമാഹരിക്കുന്നത്. മഴയുടെയും ഉരുൾ പൊട്ടലിന്‍റെയും കെടുതിയിൽ മുങ്ങിയ മലപ്പുറത്തേക്കും വയനാട്ടിലേക്കുമാണ് സാധനങ്ങൾ എത്തിക്കുന്നത്.
കളക്ഷൻ പോയിന്‍റ് ആയ ബസേലിയൂസ് കോളജിൽ വിദ്യാർഥികളും സർക്കാർ ഉദ്യോഗാസ്ഥരും ജനപ്രതിനിധികളും കർമനിരതരാണ്. ജില്ലയിലുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിന് സന്നദ്ധ സംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒത്തൊരുമയോടെ കൈകോര്‍ക്കുകയാണ് ഇവിടെ. ഇതിനോടകം ആറ് ലോഡുകൾ ഇരു ജില്ലകളിലേക്കുമായി കയറ്റിയയച്ചു. ഇനിയും കളക്ഷൻ പോയിന്‍റിലേക്ക് അവശ്യവസ്‌തുക്കള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുകയാണ്.