കൊല്ലം: നിയമവിരുദ്ധമായി അച്ചന്‍കോവിൽ പ്രിയ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ച സംഭവത്തിൽ ആരോപണ വിധേയരായ ആർഡിഒയ്ക്കും തഹസിൽദാർക്കും സസ്പെൻഷൻ. പുനലൂരിലെ മുൻ ആർഡിഒ ബി ശശികുമാറിനും തഹസിൽദാർ ആയിരുന്ന സുരേഷ് ബാബുവിനുമാണ് അന്വേഷണവിധേയമായി സസ്പെൻഷന് നല്‍കി ഉത്തരവായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിയുന്ന മെയ് 27 ന് ശേഷം ഉത്തരവ് കൈമാറും. ഇതേ സംഭവത്തിൽ ആര്യങ്കാവ് വില്ലേജ് ഓഫീസറെ നേരത്തെ ജില്ലാകളക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
സർക്കാർ പോക്കുവരവ് നടപടികൾ നടത്താത്ത 500 ഏക്കറോളം വരുന്ന വിവാദഭൂമി ആണ് അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നത്. ഫെബ്രുവരി 18ന് എസ്റ്റേറ്റ് മാനേജ്മെന്‍റ് കരമൊടുക്കാൻ അപേക്ഷ നൽകിയിരുന്നു. സർക്കാർ തീരുമാനം ഇല്ലാതെ ആർഡിഒയുടെ നിർദ്ദേശപ്രകാരം തഹസീൽദാരുടെ കുറിപ്പോടെ വില്ലേജ് ഓഫീസർ കരം സ്വീകരിക്കുകയായിരുന്നു. 11 ലക്ഷം രൂപയാണ് ഭൂനികുതിയായി ഒറ്റദിവസംകൊണ്ട് സ്വീകരിച്ചത്.
സംഭവം വിവാദമായതോടെ ജില്ലാ കലക്ടർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ആർഡിഒയുടെയും തഹസിൽദാരുടെയും നടപടിയിലെ ഗുരുതര ക്രമക്കേട് വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇവരെ മാറ്റിനിർത്തി അന്വേഷണം തുടരാൻ ശുപാർശ നൽകുകയായിരുന്നു. നിലവിൽ സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറാണ് ബി ശശികുമാർ. സുരേഷ് ബാബു ഇപ്പോൾ തിരുവനന്തപുരം തഹസിൽദാർ ആണ്.