തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോര്‍ക്കുളം സ്വദേശി സായൂജിനെയാണ്(23) കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി റീന എം. ദാസാണ് വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർമാരായി (പോക്സോ) കെ.എസ് ബിനോയിയും അമൃതയും ഹാജരായി. കേസില്‍ 19 സാക്ഷികളെ വിസ്‌തരിച്ചു. 20 രേഖകളും തൊണ്ടിമുതലുകളും ശാസ്‌ത്രീയ തെളിവുകളും ഹാജരാക്കി. 2018 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം.
വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുടുംബം കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം ആരംഭിച്ചത് .
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടറായിരുന്ന കെ.ജി സുരേഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.