തൃശൂർ: ജീവിതത്തിൽ വിവിധ തൊഴിലുകളായി കൃഷി കൈവിടാതെ മാതൃകയാകുകയാണ് തൃശ്ശൂർ കൊടുങ്ങല്ലൂരിലെ ഒരു കൂട്ടം യുവാക്കൾ. പൊലീസുകാരായ ഷനിലും വിബീഷും, കൂലിപ്പണിക്കാരായ ലെനിനും ദിലീപും കച്ചവടകാരനായ സുരേഷ് ബാബുവുമാണ് കൂട്ടായ പൊട്ടുവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സിവിൽ പൊലീസാണ് ഷനിൽ. വിബീഷ് കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും. കൃഷിയിൽ ഇവർക്ക് കൂട്ടായ് മുട്ടത്താഴം ലെനിനും കാര്യേഴത്ത് ദിലീപും കച്ചവടക്കാരനായ വാടശ്ശേരി സുരേഷ് ബാബുവുമുണ്ട്. ജോലിക്കിടയിലും കൃഷിയോടുള്ള താൽപര്യം വിടാതെ സൂക്ഷിച്ച ഇവർ സുരേഷ് ബാബുവിന്‍റെ 80 സെന്‍റ് സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കിയത്.
സർക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് അഞ്ചംഗ സംഘം കൃഷി ചെയ്തത്. 1000 മീറ്ററിൽ ഒൻപത് വരികളായാണ് കൃഷി. 250 ഗ്രാം വിത്താണ് വിതച്ചത്. ഒരു കിലോ വിത്തിന് 10,000 രൂപയാണ് ചിലവ് വരുന്നത്. തികച്ചും ജൈവ മാതൃകയിലായിരുന്നു കൃഷി. കോഴി വിസർജ്ജ്യം, ശർക്കരയും കപ്പലണ്ടി പിണ്ണാക്കും ചേർന്ന മിശ്രിതം, ഗോമൂത്രവും ആട്ടിൻമൂത്രവും ചേർന്ന മിശ്രിതം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീടനാശിനിക്ക് പകരം കീടങ്ങളെ തുരത്താൻ 'സിറമോൺ ട്രാപ്' എന്ന കെണിയാണ് ഉപയോഗിക്കുന്നത്. നൂറുമേനി വിജയം നേടിയ പൊട്ടു വെള്ളരി കൃഷിയുടെ വിളവെടുപ്പുത്സവം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിബീഷ് നാട്ടിലെ അറിയപ്പെടുന്ന നെൽ കർഷകനാണ്. കതിർ എന്ന കൂട്ടായ്മയിൽ അംഗവുമാണ്. ഒരു ചെറുകിട-വീട്ടുകൃഷിയുടെ സ്വഭാവമാണ് ഷനിലിന്‍റേത്. കൂലിപ്പണിയും കച്ചവടവും ഉപജീവനമായപ്പോഴും കൃഷിയോടുള്ള താത്പര്യമാണ് ലെനിനും ദിലീപും സുരേഷ് ബാബുവിനെയും ഒരുമിച്ച് കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്.