തൃശൂർ: ലോക്‌ഡൗണിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കരുത്തും കരുതലും സുരക്ഷയും ഒരുക്കാൻ വനിത പൊലീസിലെ പെൺപുലികൾ ഇനി ബുള്ളറ്റില്‍ നിരത്തിലിറങ്ങും. തൃശൂർ സിറ്റി പൊലീസിന്‍റെ നേതൃത്വത്തിലാണ് വനിത ബുള്ളറ്റ് പട്രോളിങ് ടീമിനെ സജ്ജമാക്കിയത്. കൊവിഡ് കാലത്ത് ഒറ്റപ്പെട്ട് കഴിയുന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായവും ആത്മവിശ്വാസവും നല്‍കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. അഞ്ച് ബുള്ളറ്റുകളിലായി പത്ത് വനിത പൊലീസ് ഉദ്യോഗസ്ഥരാണ് പട്രോളിങ് നടത്തുന്നത്.
തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിന്ധുവിന്‍റെ നേതൃത്വത്തിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം. തൃശൂര്‍ നഗരത്തിലെ കൊവിഡ് ക്യാമ്പുകളും സമൂഹ അടുക്കളകളും സന്ദർശിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തുക, ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍ക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായവും ആത്മവിശ്വാസം നല്‍കുക എന്നിങ്ങനെയാണ് ഈ പെണ്‍പടയുടെ പ്രവര്‍ത്തന രീതി.
കഴിഞ്ഞ ദിവസം തൃശൂർ മോഡൽ ഗേൾസ് സ്കൂളിലെ കോവിഡ് ക്യാമ്പിൽ കഴിയുന്നവർക്ക് അവശ്യ വസ്‌തുക്കൾ വിതരണം ചെയ്ത് ഈ പെണ്‍കരുത്ത് മാതൃകയായിരുന്നു.