തൃശൂര്‍: ജില്ലയിൽ പാലപ്പിള്ളി സെന്‍ററില്‍ കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതി പരത്തി. 30ഓളം കാട്ടാനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. കുട്ടിപ്പാലത്തിന് സമീപം പെരുവാങ്കുഴിയില്‍ കുട്ടിപ്പയുടെ പറമ്പില്‍ ഇറങ്ങിയ ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വഴിയോരത്തെ മീന്‍കടയും തകര്‍ത്തു.
ഇത് രണ്ടാം തവണയാണ് പാലപ്പിള്ളി സെന്‍ററില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പാലപ്പിള്ളി സെന്‍ററില്‍ കാട്ടാനകളിലിറങ്ങി വീട്ടുമതില്‍ ഉള്‍പ്പടെ തകര്‍ത്തിരുന്നു. തോട്ടം തൊഴിലാളികളുടെ കൃഷിഭൂമിയും നിരവധി കച്ചവട സ്ഥാപനങ്ങളുമുള്ള പാലപ്പിള്ളിയില്‍ കാട്ടാനകള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ആനകള്‍ ഇറങ്ങിയതറിഞ്ഞത്. മീന്‍ കച്ചവടം നടത്തിയിരുന്ന തട്ട് ആനകള്‍ വലിച്ചെറിഞ്ഞു.
കൂട്ടമായി എത്തിയ ഇവ, തുടർന്ന് കൊച്ചിന്‍ മലബാറിന്‍റെ റബ്ബര്‍ എസ്റ്റേറ്റിലേക്ക് കയറുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആനകളെ തുരത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. റബ്ബര്‍ തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്ന ആനകള്‍ വീണ്ടും പാലപ്പിള്ളിയില്‍ എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ആനകളെ കാടുകയറ്റാന്‍ സ്‌ക്വാഡ് എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ: ചട്ടവിരുദ്ധം; കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡിസ് നിയമനം റദ്ദാക്കി ഹൈക്കോടതി