തൃശൂർ: കേരളത്തിന്‍റെ ഔദ്യോഗിക ഫലമായ ചക്കയുടെ പുതു വൈവിധ്യ ഇനം കണ്ടെത്തിയിരിക്കുയാണ് തൃശൂർ സ്വദേശിയായ വർഗീസ് തരകൻ. കുറുമാൽക്കുന്നിലെ ആയുർ ജാക്ക് ഫാമിൽ ചെന്നാൽ മറ്റൊരിടത്തും കാണാത്ത പ്ലാവിന്‍റെ വൈവിധ്യ കേന്ദ്രമാണ് കാണാനാകുക. അമ്പതിലധികം ഇനങ്ങൾ നിറഞ്ഞ പ്ലാവിൻ തോട്ടത്തിനിടയിലേക്കാണ് ഇലകൾ മുഴുവൻ വെളുത്ത നിറത്തിലുള്ള പ്ലാവും വിരുന്നെത്തിയിരിക്കുന്നത്. ആയുർ ജാക്ക് തോട്ടത്തിൽ ഇതുവരെ മുളപ്പിച്ച 16 ലക്ഷം തൈകളിൽ ഒന്നു മാത്രമാണ് ഇതുപോലെ ലഭിച്ചത്. ചക്കക്കുരു ശാസ്ത്രീയമായി നട്ട് പിടിപ്പിച്ചാണ് ഇവിടെ ഓരോ പ്ലാവിൻ തൈയും ഉൽപ്പാദിപ്പിക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയതിലൊന്നാണ് വെളുത്ത ഇലകളോടെ വളർന്ന് വന്നത്. വർഗീസ് തരകൻ ഈ ഇനത്തിനു "വൈറ്റ് ജാക്ക്" എന്ന് പേര് നൽകി.
വൈറ്റ് ജാക്കിനെക്കുറിച്ചു പഠിക്കാനായി വൈൽഡ് ലൈഫ് ശാസ്ത്രജ്ഞമാർ കുറുമാൽക്കുന്നില്‍ എത്തിയിരുന്നു. കൂട്ടത്തിലെ വ്യത്യസ്ത ഇനങ്ങളിലൊന്നായതു കൊണ്ടു തന്നെ പരിപാലനത്തിൽ വലിയ ശ്രദ്ധയും നൽകി വരുന്നുണ്ട്. വൈറ്റ് ജാക്കിൽ നിന്നും ഫലം ലഭിക്കുന്നതോടെ ലോകത്തിനാകെ പ്രചരിപ്പിക്കാനാണ് ഈ കർഷകൻ ഉദേശിക്കുന്നത്. കുറുമാൽക്കുന്നിലെ അഞ്ച് ഏക്കറിൽ വർഷങ്ങളായി പ്ലാവ് കൃഷി ചെയ്തുവരികയാണ് ഇദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള ക്ഷോണി മിത്ര അവാർഡും ഈ കർഷകനെ തേടിയെത്തി. ഏഴ് അടിയോളമുള്ള ചെറിയ പ്ലാവിൽ നിന്ന് വിളവെടുക്കാവുന്ന രീതിയാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഇല രണ്ടര സെന്‍റീമീറ്റർ മാത്രം നീളമുള്ള ഇത്തിരി കുഞ്ഞൻ നാനോ ജാക്ക്, മാവിലയുടെ രൂപമുള്ള മാംഗോ ജാക്ക്, 29 സെൻ്റീമീറ്ററോളം നീളമുള്ള ഭീമൻ ഇലകളുള്ള പ്ലാവിൻ തൈകൾ എന്നിങ്ങനെ 50 ഓളം പ്ലാവിനങ്ങൾ തോട്ടത്തിലുണ്ട്.