തൃശൂർ: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വടക്കാഞ്ചേരി നഗരസഭ. വിവാദമായ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിൽ നഗരസഭയ്ക്ക് പങ്കുണ്ടെന്ന ആരോപണം നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് തള്ളി. നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ഇല്ല. ലൈഫ് മിഷൻ സിഇഒയുടെ പേരിലാണ് നഗരസഭ ബിൽഡിംഗ് പെർമിറ്റ് നൽകിയത്. ലൈഫ് മിഷനുമായി മാത്രമാണ് നഗരസഭയ്ക്ക് ഇടപാടെന്നും നഗരസഭ അധ്യക്ഷ പ്രതികരിച്ചു.
ഫ്ലാറ്റ് നിർമിക്കുന്ന ചരൽ പറമ്പിലെ ഭൂമിയുടെ നിയന്ത്രണവകാശവും ഉടമസ്ഥാവകാശവും റവന്യു വിഭാഗത്തിന് തന്നെയാണ്. നഗരസഭയ്ക്ക് ഭൂമി കൈമാറുക മാത്രമാണ് റവന്യു ചെയ്തിരിക്കുന്നത്. അതേ സമയം അനിൽ അക്കര എംഎൽഎയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനിൽ അക്കര നടത്തുന്ന നാടകം മാത്രമാണിത്. വിവരങ്ങൾ പരിശോധിക്കാനുള്ള ഉത്തരവാദിത്വം എംഎൽഎക്കുണ്ടെന്നും അധ്യക്ഷ പ്രതികരിച്ചു.