തൃശൂര്‍: ഫ്രീഡം ബ്രാന്റിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ വിയ്യൂർ ജയിലിൽ നിന്നും ഇനി ഓൺലൈനായി ഭക്ഷണമെത്തും. ജയിൽ കൗണ്ടറുകളിൽ വിൽക്കുന്നതിന് പുറമെ ഇലയിൽ ചിക്കൻ ബിരിയാണി സദ്യയാണ് ഓണ്ലൈനായി എത്തുന്നത്. ചിക്കൻ ബിരിയാണിയും കോഴിക്കറിയും ചപ്പാത്തിയും മധുരവുമടങ്ങുന്ന കോംബോ ഓഫറാണ് വിയ്യൂർ ജയിൽ വിതരണത്തിനെത്തിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ചപ്പാത്തിയുടേയും, വെജ് ബിരിയാണിയുടെയും ചുവട് പിടിച്ചാണ് ജയിലിൽ നിന്ന് തന്നെ ‘ഇലയിൽ ചിക്കൻ ബിരിയാണി’ സദ്യയിറങ്ങുന്നത്. അതും വീട്ടിലേക്കെത്തും. ആധുനിക സംവിധാനത്തിലൂടെ ഓൺലൈനായിട്ടാണ് ഇലയിലെ ബിരിയാണി സദ്യയെത്തുക. മറ്റ് വിഭവങ്ങൾ കിട്ടുന്ന ജയിലിലെ കൗണ്ടറിലോ വിപണന വാഹനത്തിലോ ഇലയിലെ ബിരിയാണി സദ്യ കിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. ഇലയിലൊരു ഓൺലൈൻ ബിരിയാണി എന്നത് രാജ്യത്ത് തന്നെ ആദ്യമാകും. ''ഫ്രീഡം കോമ്പോ ലഞ്ച്'' എന്നതാണ് ബിരിയാണി സദ്യയുടെ പേര്. പൊരിച്ച കോഴിക്കാൽ ഉള്ള 300 ഗ്രാം ബിരിയാണി, മൂന്ന് ചപ്പാത്തി, ചിക്കൻ കറി, ഒരു ലിറ്റർ കുപ്പിവെള്ളം, ഒരു കപ്പ് കേക്ക്, സലാഡ്, അച്ചാറുമാണുള്ളത്. ഇതോടൊപ്പമാണ് തൂശനില. ഇതെല്ലാം ലഭിക്കുന്നത് പ്ലാസ്റ്റിക് ബാഗിലല്ല, പുനരുപയോഗ സാധ്യമായ പേപ്പർ ബാഗിലാണ്. കോംബോ ഓഫർ പ്രകാരം 127 രൂപക്കാണ് ഭക്ഷണം ലഭ്യമാക്കുന്നത്. കുപ്പിവെള്ളം ഒഴിവാക്കിയാൽ 117 രൂപക്ക് വിഭവസമൃദ്ധമായ ചിക്കൻ ബിരിയാണി സദ്യ വീട്ടിലിരുന്ന് കഴിക്കാം. ബിരിയാണി സദ്യയുടെ വിപണനത്തിനായി ഓൺലൈൻ സൈറ്റുകളുമായി ധാരണയിലെത്തിയതായി ജയിൽ അധികൃതർ പറഞ്ഞു.
ഈ മാസം പതിനൊന്നിന് ബിരിയാണി സദ്യ പദ്ധതിയുടെ വിപണനം തുടങ്ങും. ഭക്ഷ്യ വിഭവങ്ങൾ, പച്ചക്കറി-പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, വോളിബോൾ ടീം, മ്യൂസിക് ബാൻഡ്, എഫ്എം റേഡിയോ, ടെലിവിഷൻ ചാനൽ എന്നിങ്ങനെ വിയ്യൂരിൽ തടവുകാര്‍ക്കായി പദ്ധതികള്‍ ഏറെയുണ്ട്. അതിലേക്കാണ് ഓൺലൈൻ ബിരിയാണി സദ്യയുമെത്തുന്നത്.