തൃശ്ശൂർ: 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ തൃശ്ശൂരില്‍ പൊലീസിന്‍റെ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് മാള സ്വദേശി പൂപ്പത്തി ഷാജി, കൊച്ചി പള്ളുരുത്തി സ്വദേശി സുഹൈല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂർ എറണാകുളം ജില്ലകളില്‍ വില്‌പന നടത്തുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ആദിത്യയുടെ കീഴിലുള്ള ഷാഡോ പൊലീസും, മണ്ണുത്തി പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വലിയ ബാഗുകളിലാക്കി കൊണ്ടുവന്ന കഞ്ചാവ് രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലാക്കി മണ്ണുത്തിയിൽ ആവശ്യക്കാരെ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.
20 വർഷത്തിലേറെയായി കഞ്ചാവ് വില്പന തൊഴിലാക്കിയ ആളാണ് പിടിയിലായ ഷാജിയെന്ന് പൊലീസ് പറഞ്ഞു. ഈ അടുത്താണ് ഇയാള്‍ കൂടുതൽ ലാഭം ലഭിക്കുമെന്നറിഞ്ഞ് ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് കടത്തല്‍ ആരംഭിച്ചത്. ഇതിനായി ആന്ധ്രയിൽ സ്ഥിരതാമസക്കാരാനായ പള്ളുരുത്തി സ്വദേശി സുഹൈലിനെ കൂട്ടു കച്ചവടക്കാരൻ ആക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിരവധി പേർ ആന്ധ്രയിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.