തൃശ്ശൂർ: തിരുവമ്പാടി പാറമേക്കാവ് ഭാഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശ്ശൂർ പൂരം കൊടിയിറങ്ങി. പൂരപ്രേമികൾക്ക് ഇനിയുള്ള ഒരുവർഷം കാത്തിരിപ്പിന്‍റേതാണ് .
വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവിന്റെ പാണ്ടിമേളത്തിന് വാദ്യകലാകാരന്‍മാര്‍ അണിനിരന്നത് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും നേതൃത്വം നല്‍കി. ഇരുവരും ചേർന്നുളള പാണ്ടിമേളങ്ങള്‍ കലാശിച്ചപ്പോള്‍ ആ മുഹൂര്‍ത്തം എത്തി. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിനിര്‍ത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വർഷം പൂരത്തിനു കാണാമെന്ന മൗനപ്രാർഥനയോടെ ഭഗവതിമാർ മടങ്ങി. പിന്നെ, വെടിക്കെട്ടിന്റെ ഊഴമായിരുന്നു. പൊരിവെയിലത്ത് ജനം അക്ഷമരായി കാത്തുനിന്നപ്പോൾ ആദ്യം തിരിക്കൊളുത്തിയത് പാറമേക്കാവായിരുന്നു. തൊട്ടുപിന്നാലെ തിരുവമ്പാടിയും പകല്‍പൂരം വെടിക്കെട്ടിന് തീകൊളുത്തി. അങ്ങനെ, 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി.