തൃശൂർ: കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററായ തൃശൂര്‍ നാട്ടികയിലെ ലുലു ഗ്രുപ്പിന്‍റെ കെട്ടിടത്തില്‍ 1400 കിടക്കകൾ ഒരുങ്ങുന്നു. വ്യവസായി എം.എ യൂസഫലി വിട്ടുനൽകിയ കോട്ടൺ മിൽ കെട്ടിടമാണ് ലുലു സിഎഫ്എൽടിസി ആയി തയ്യാറാകുന്നത്. കൊവിഡ് കെയർ സെന്‍ററിലേക്ക് ആവശ്യമായ ഫാനുകളും ലൈറ്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്.
ട്രോളി ഉപയോഗിക്കാനുളള സൗകര്യം കണക്കാക്കി ടൈൽ വിരിച്ച് തറ സജ്ജമാക്കി. ഡോക്ടർമാരുടെ ക്യാബിൻ, നഴ്‌സിങ്ങ് സ്റ്റേഷൻ, മാനസിക ഉല്ലാസത്തിനുളള ടിവി, ക്യാരം ബോർഡ്, ചെസ്സ് തുടങ്ങിയ വിനോദോപാധികൾ എന്നിവയും ഇവിടെ സജ്ജമാക്കും. മാലിന്യ പ്രശ്‌നം പരിഹരിക്കാൻ ഇൻസിനറേറ്റർ സ്ഥാപിക്കും. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ്, ചൂടുവെള്ളം, വേസ്റ്റ് ബാസ്‌ക്കറ്റുകൾ, തുടങ്ങിയവയും നൽകും. ഇവിടേക്ക് ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവികൾ, വാട്ടർ പ്യൂരിഫയർ തുടങ്ങിയവ ലഭ്യമാക്കാൻ പൊതുപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം തേടാനാണ് ജില്ലാഭരണകൂടം ലക്ഷ്യവെക്കുന്നത്.
ഇവക്ക് പുറമെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ 150 കിടക്കകളുളള കിടത്തി ചികിത്സ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജില്ലയിൽ സി.എഫ്.എൽ.ടി.സികൾ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് സെന്‍ററിന്‍റെ പ്രവർത്തനമേൽനോട്ടത്തിനായി അതാത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ ചെയർമാൻമാരായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. അവിടെ എത്തുന്ന രോഗികൾക്ക് ആവശ്യമായ ഭക്ഷണം കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ വഴി എത്തിക്കും. ശുചിമുറി, സുരക്ഷാ, ചികിത്സാ സൗകര്യങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് തയ്യാറാക്കും. പൊലീസ് സുരക്ഷാ സംവിധാനവും പ്രത്യേക പ്രവേശന സൗകര്യവും ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.