തൃശൂർ: തൃശൂരില്‍ കുഴഞ്ഞ് വീണ് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ അടക്കം പത്ത് പേർ ക്വാറന്‍റൈനില്‍ പോകാൻ മെഡിക്കല്‍ ബോർഡ് നിർദേശം. കിഴക്കേ പരയ്ക്കാട് വടക്കേ പുരയ്ക്കല്‍ വത്സല (63) ആണ് ഈ മാസം അഞ്ചിന് കുഴഞ്ഞ് വീണ് മരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുൻപ് എടുത്ത സാമ്പിളിന്‍റെ ആർടിപിസിആർ പരിശോധന ഫലം പോസറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് മെഡിക്കല്‍ ബോർഡ് യോഗം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളജിലെ ഡോക്ടർമാരടക്കം പത്ത് പേർ ക്വാറന്‍റൈനില്‍ പോകാൻ നിർദേശിച്ചത്.
ഈ മാസം 21 വരെയാണ് ക്വാറന്‍റൈൻ. ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ ക്വാറന്‍റൈനിൽ കഴിഞ്ഞ യാത്രക്കാരിയായിരുന്ന മകൾക്ക് കൂട്ടിരിക്കുന്നതിനിടെ ആണ് വത്സലക്ക് രോഗം ലഭിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. കണ്ടക്ടർക്ക് പോസിറ്റീവ് ആയതോടെ ബസ് യാത്ര ചെയ്ത അരിമ്പൂർ മേഖലയിലുള്ളവർ ക്വാറന്‍റൈനിലാണ്. 16 പേരാണ് അരിമ്പൂരിൽ നിന്ന് ഇതേ ബസിൽ യാത്ര ചെയ്‌ത്.