തൃശൂർ: പൊലീസ് അനാവശ്യമായി വേട്ടയാടുന്നു എന്നാരോപിച്ച് തൃശൂർ ഡിഐജി ഓഫീസിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് പ്രതിഷേധ മാർച്ച് നടത്തി. ഡിഐജി ഓഫീസിന് നൂറുമീറ്റർ അകലെ വച്ച് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ശേഷമാണ് ഇവർ പിരിഞ്ഞു പോയത്. 'എന്‍റെ ശരീരം എന്‍റെ അവകാശം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് തെക്കേ ഗോപുരനടയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ശീതൾ ശ്യാം, സൂര്യ ഇഷാൻ, ദീപ്‌തി കല്യാണി തുടങ്ങിയവരുൾപ്പെടെ 20 ഓളം പേർ മാർച്ചിൽ പങ്കെടുത്തു.
റോഡിലും താമസ സ്ഥലത്തും വെച്ച് പൊലീസ് ഉപദ്രവിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഡിഐജിയ്‌ക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും ഇവർ പറയുന്നു. തന്നെ താമസ സ്ഥലത്തുനിന്നും പൊലീസ് ഇടപെട്ട് പുറത്താക്കിയതായി പ്രതിഷേധക്കാരിൽ ഒരാളായ നന്ദിനി പറഞ്ഞു. അതേസമയം ട്രാൻസ് വ്യക്തികളെ ഉപദ്രവിച്ചിട്ടില്ലെന്നും ഒരാൾക്കെതിരെയും കേസെടുത്തിട്ടില്ലെന്നും രാത്രി കാലങ്ങളിൽ പട്രോളിങ് ശക്തമാക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.