എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ പരിചയപ്പെടുത്തുന്ന ഇടിവി ഭാരതിന്‍റെ പരീക്ഷാ സീരീസില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ബയോളജിയാണ്.
സയന്‍സ് വിഷയങ്ങളില്‍ ഉത്തരമെഴുതുമ്പോള്‍ ആശയങ്ങളിലുള്ള ഗ്രാഹ്യം പ്രധാനമാണ്. ചില ഡെഫനിഷനുകള്‍ മനഃപാഠമാക്കേണ്ടി വന്നേക്കാം. എങ്കിലും ആശയങ്ങള്‍ പൂര്‍ണമായി മനസിലാക്കിയ ശേഷം മാത്രം ഇവ മനഃപാഠമാക്കുക.
എസ്എസ്എല്‍സി പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രാധാന്യം അല്‍പ്പം കൂടുതലാണ്. പ്ലസ്‌ടുവിന് സയന്‍സ് സ്‌ട്രീമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സയന്‍സ് വിഷയങ്ങളിലും ഗണിതത്തിലുമുള്ള മാര്‍ക്ക് നിര്‍ണായകമാണ്.
മാത്രമല്ല, മുന്നോട്ടുള്ള പല എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മത്സര പരീക്ഷകള്‍ക്കും ചോദിച്ചേക്കാവുന്ന പല ആശയങ്ങളുടേയും അടിസ്ഥാന പാഠങ്ങള്‍ പത്താം ക്ലാസിലെ സയന്‍സ് വിഷയങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പഠിച്ചു മറക്കാന്‍ വേണ്ടിയല്ല, മുന്നോട്ടുള്ള പഠനത്തിനുള്ള അടിത്തറയായിട്ടു വേണം ഈ വിഷയങ്ങളിലെ പാഠഭാഗം പഠിച്ചു വെക്കാന്‍.
വിഷയത്തിലേക്ക്
40 മാര്‍ക്കിനാണ് ബയോളജി പരീക്ഷയുടെ ചോദ്യങ്ങളുണ്ടാവുക. 10 മാര്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റ്. ആകെ 50 മാര്‍ക്ക്. 50ല്‍ 15 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്.
ഗ്രേഡ്
ഗ്രേഡ് | റേഞ്ച് | ഗ്രേഡ് വാല്യൂ | ഗ്രേഡ് പൊസിഷന്‍ |
A+ | 90 ശതമാനം മുതൽ 100 ശതമാനം വരെ | 9 | Outstanding |
A | 80 ശതമാനം മുതൽ 89 ശതമാനം വരെ | 8 | Excellent |
B+ | 70 ശതമാനം മുതൽ 79 ശതമാനം വരെ | 7 | Very Good |
B | 60 ശതമാനം മുതൽ 69 ശതമാനം വരെ | 6 | Good |
C+ | 50 ശതമാനം മുതൽ 59 ശതമാനം വരെ | 5 | Above Average |
C | 40 ശതമാനം മുതൽ 49 ശതമാനം വരെ | 4 | Average |
D+ | 30 ശതമാനം മുതൽ 39 ശതമാനം വരെ | 3 | Marginal |
D | 20 ശതമാനം മുതൽ 29 ശതമാനം വരെ | 2 | Need Improvement |
E | 20 ശതമാനത്തിന് താഴെ | 1 | Need Improvemen |
ചോദ്യ പേപ്പറിലേക്ക്
ബയോളജി പരീക്ഷയില്‍ സാധാരണ കണ്ടു വരുന്നത് ഒരു മാര്‍ക്കിന്‍റെ മുതല്‍ 4 മാര്‍ക്കിന്‍റെ വരെ ചോദ്യങ്ങളാണ്. ഒറ്റ വാക്കില്‍ ഉത്തരമെഴുതാനുള്ള തരത്തിലും ഒരു വരിയില്‍ എഴുതാനുള്ള തരത്തിലുമൊക്കെ ചോദ്യങ്ങളുണ്ടാകും. ഒരേസമയം മാര്‍ക്ക് ലഭിക്കാനും മാര്‍ക്ക് നഷ്‌ടമാകാനും സാധ്യത ഏറെയുള്ളതാണ് ഇത്തരം ചോദ്യങ്ങള്‍. അതിനാല്‍ നന്നായി ആലോചിച്ച് ഉറപ്പിച്ച ശേഷം മാത്രം ഉത്തരമെഴുതുക.
പാഠഭാഗത്തിലെ ഏതെങ്കിലും ഒരാശയത്തില്‍ നിന്നുമുള്ള ചെറിയ ഭാഗമായിരിക്കും ഒരുപക്ഷേ ഒരു മാര്‍ക്കിന് ചോദിക്കുക. ഉദാഹരണത്തിന് സിംപതറ്റിക് വ്യവസ്ഥയുടെ നിയന്ത്രണത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തി എഴുതുക എന്ന ചോദ്യം മുന്‍വര്‍ഷങ്ങളില്‍ ചോദിച്ചിട്ടുണ്ട്.
ഓപ്‌ഷനുകളും തന്നിട്ടുണ്ടാകണം. ഈ ചോദ്യത്തിന് ഉത്തരമെഴുതണമെങ്കില്‍ സിംപതറ്റിക് വ്യവസ്ഥയും പാരാസിംപതറ്റിക് വ്യവസ്ഥയും എന്താണെന്നും രണ്ടിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും പഠിച്ചിരിക്കണം. ഇത് അറിയാതെ ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ 2 മാര്‍ക്ക് നഷ്‌ടമാകാനാണ് സാധ്യത. ഈ രീതിയിലാണ് പഠിക്കുമ്പോള്‍ പാഠ ഭാഗങ്ങളെ സമീപിക്കേണ്ടത്.
ചേരുംപടി ചേര്‍ക്കാനും ചിത്രം നോക്കി പ്രക്രിയ ഏതെന്ന് തിരിച്ചറിയാനും അവ വിശദീകരിക്കാനുമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. പാഠഭാഗങ്ങള്‍ പഠിക്കുന്നതോടൊപ്പം ചിത്രങ്ങളിലൂടെയും കടന്നുപോവുക. ആവശ്യമെങ്കില്‍ അവ ഓര്‍ത്ത് വരയ്ക്കാനും കഴിയുന്ന തരത്തിലാകണം ചിത്രങ്ങളെ ഓര്‍ത്ത് വെക്കേണ്ടത്.
അതിക വായനയ്ക്ക്
മനുഷ്യന്‍റേയും മറ്റ് സസ്യജാലങ്ങളുടേയും ജീവഘടന നമുക്ക് മുന്നില്‍ തുറന്നുകാട്ടുന്ന വിഷയമാണ് ബയോളജി. കേവലം പാഠഭാഗങ്ങളായി മാത്രം കാണാതെ നമുക്കുള്ളിലും നമുക്ക് ചുറ്റുമുള്ളതിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ബന്ധപ്പെടുത്തി പാഠഭാഗങ്ങളെ സമീപിക്കുക. ഈ രീതിയില്‍ പഠിക്കുന്നത് പഠനത്തോടൊപ്പം ഒരു കൗതുകവും ഉള്ളിലുണര്‍ത്തും. ഈ കൗതുകം പാഠഭാഗങ്ങളെ കൂടുതല്‍ എളുപ്പത്തിലും ആഴത്തിലും മനസിലാക്കാന്‍ സഹായിക്കും.