തൃശൂർ: പൂരത്തിന് അനാവശ്യ നിയന്ത്രണങ്ങൾ പാടില്ലെന്ന് ടി.എൻ പ്രതാപൻ എംപി. മന്ത്രി വിഎസ് സുനിൽകുമാറും ജില്ല കലക്‌ടറും ഉൾപ്പെടെയുള്ളവർ പൂരത്തിന്‍റെ പേരിൽ തൃശൂരിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. വിശ്വാസികളുടെയും പൂരപ്രേമികളുടെയും മനസ്സ് വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും കോൺഗ്രസ് അനുവദിക്കില്ലെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.
സർക്കാരിന്‍റെ നിരന്തര ഇടപെടലുകള്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ പേരുപറഞ്ഞാണ് മറ്റൊരാഘോഷങ്ങൾക്കും പരിപാടികൾക്കും ഇല്ലാത്ത അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കില്ലാത്ത നിയന്ത്രണം തൃശൂർ പൂരത്തിന് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പൂരത്തിന് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെതിരെ തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി പത്മജാ വേണുഗോപാൽ ഉപവാസസമരം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രി വിഎസ് സുനിൽ കുമാർ ചർച്ചയും തുടർന്നുള്ള നാടകങ്ങളും നടത്തിയതെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു.