തൃശൂര്‍: ലോക റെക്കോഡ് കരസ്ഥമാക്കി തൈവക്കാളകളുടെ സംഗമം. തൃശൂര്‍ തെക്കന്‍ മേഖല നാട്ടുകാലാകാരന്മാരുടെ കൂട്ടമാണ് സംഗമം നടത്തിയത്. എഴുപത്തിയഞ്ചോളം തൈവക്കാളകള്‍ സംഗമത്തില്‍ അണിനിരന്നു. 422 കലാക്കാരന്മാരാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്. കാളകളിക്കായി 150ഓളം പേരും കുട പിടിക്കാനായി 24 പേരും നൂറോളം ചെണ്ട കലാകാരന്മാരും, മുടിയാട്ടത്തിനും വെട്ടും തടയ്ക്കുമായി 148ഓളം പേരും ഇതിന്‍റെ ഭാഗമായി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിക്ക് ശേഷം ലോക റെക്കോഡ് പ്രഖ്യാപനം നടന്നു. ബെസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധി സോണി റെക്കോഡ് പ്രഖ്യാപനം നടത്തി.
അടിയാള സംസ്‌കാരത്തിന്റെ പ്രതീകമാണ് തൈവക്കാള. വിളവെടുപ്പിന് ശേഷം തങ്ങളുടെ ദേവിയെ തൃപ്തിപെടുത്താന്‍ നടത്തുന്ന അനുഷ്ഠാന കലയായും കാളകളി അറിയപ്പെടുന്നുണ്ട്. കുട, ചെണ്ട, മരത്തില്‍ നിര്‍മ്മിച്ച കാളയുടെ രൂപം എന്നിവയാണ് തൈവക്കാളക്ക് ഉപയോഗിക്കുന്നത്. വടി തല്ലും മുടിയാട്ടവും കാളകളിയുടെ അനുബന്ധ അനുഷ്ഠാന കലയാണ്. മണ്ണില്‍ പണിയെടുക്കുന്ന തങ്ങളുടെ കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ വരാതിരിക്കാനാണ് പണ്ടുകാലങ്ങളില്‍ ക്ഷേത്ര മുറ്റത്ത് തൈവക്കാള അവതരിപ്പിച്ചിരുന്നത്. ഇന്ന് ഘോഷയാത്രയിലും സ്റ്റേജ് പ്രോഗ്രാമുകളിലും തൈവക്കാള അവതരിപ്പിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന ശുദ്ധ കര്‍മങ്ങള്‍ക്ക് ശേഷം അടിയാളരുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രത്യേക കര്‍മങ്ങളിലൂടെയാണ് തൈവക്കാള ആരംഭിക്കുന്നത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കുട്ടി ഉദിമാനം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ചന്ദ്രന്‍, രക്ഷാധികാരി രമേഷ് കരിന്തലക്കൂട്ടം, സംസ്ഥാന സെക്രട്ടറി ബൈജു ദൈവമക്കള്‍, കോ-ഓര്‍ഡിനേറ്റര്‍ ഗിരിധരന്‍, ഉണ്ണികൃഷ്ണന്‍ പാക്കനാര്, സനോജ് സമയ എന്നിവര്‍ പ്രസംഗിച്ചു.