തൃശൂർ: ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് അടച്ചിട്ട തൃശൂര്‍ ശക്തൻ മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തദ്ദേശസ്വയഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ ഗവൺമെന്‍റ് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ വ്യാപാരികളുടെയും തൊഴിലാളി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. തുടർന്നാണ് നടപടി.
കൊവിഡില്ലെന്ന് സ്ഥിരീകരിച്ച വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ 950 പേരുടെ പട്ടിക തയാറാക്കി, പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയാണ് ശക്തന്‍ മാർക്കറ്റ് തുറന്നത്. കടകൾക്ക് നമ്പർ നൽകിയതിന്‍റെ അടിസ്ഥാനത്തിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റ അക്കമുള്ള കടകളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇരട്ട അക്കമുള്ള കടകളും തുറക്കാനാണ് തീരുമാനം. മാർക്കറ്റിലേക്ക് ഒരു എൻട്രി മാത്രമാണ് അനുവദിക്കുക. ഒറ്റ-ഇരട്ട അക്കങ്ങൾ ഉള്ളവരുടെ തിരിച്ചറിയൽ കാർഡിനും വ്യത്യസ്‌ത നിറമായിരിക്കും. ഞായറാഴ്ച മാർക്കറ്റ് അവധിയാണ്.
മാർക്കറ്റിലെ 250 ചുമട്ട് തൊഴിലാളികൾക്ക് രണ്ട് ടേൺ ആയി തൊഴിൽ സമയം നിജപ്പെടുത്തി. വി.കെ രാജു എസിപിയുടെ നേതൃത്വത്തിൽ ഒരു സർക്കിൾ ഇൻസ്‌പെക്‌ടർ, രണ്ടു സബ് ഇൻസ്‌പെക്‌ടർമാർ, 20 സിവിൽ പൊലീസ് ഓഫിസർമാർ, പത്ത് വോളണ്ടിയർമാർ എന്നിവരടങ്ങിയ സംഘം സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല വഴിക്കും. മാർക്കറ്റിലെത്തുന്ന റീട്ടെയിൽ വ്യാപാരികൾക്കും നിയന്ത്രണങ്ങളുണ്ട്. ഏകദേശം നാലായിരത്തിലേറെ റീട്ടെയിൽ വ്യാപാരികൾ ജില്ലയിലെ പലഭാഗങ്ങളിൽ നിന്നും ശക്തൻ മാർക്കറ്റിൽ എത്തുന്നുവെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഒരു സമയം 100 പേർ വീതമേ മാർക്കറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കൂ. ഒരു കടയിൽ മൂന്നു പേരെ മാത്രം അനുവദിക്കും. പച്ചക്കറി കയറ്റാൻ വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. ഡ്രൈവർമാർക്ക് കുളിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. പ്രത്യേക ടോക്കൺ സംവിധാനം ഉണ്ടായിരിക്കും. ടോക്കൺ വാങ്ങിയവർ പിന്നെ വണ്ടിവിട്ടിറങ്ങാൻ പാടില്ല. കായക്കുലകളുടെ വിപണനത്തിന് പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റ് മാത്രമാണ് തുറക്കുക. സ്ഥിഗതികൾ വിലയിരുത്തി മറ്റ് മാർക്കറ്റുകൾ തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് തൃശൂര്‍ ജില്ല കലക്‌ടർ എസ്. ഷാനവാസ് അറിയിച്ചു.