തൃശൂര്‍: അർജന്‍റീന ഫാൻസിന്‍റെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ടീം ജയിച്ചാൽ സൗജന്യമായി 1000 പേർക്ക് ബിരിയാണി നൽകാമെന്ന വാക്ക് പാലിച്ചാണ് തൃശൂരിലെ പള്ളിമൂലയിലെ റോക്ക് ലാൻഡ് ഹോട്ടൽ ഉടമായ ഷിബു ആഘോഷത്തില്‍ വ്യത്യസ്‌തനായത്. എന്നാല്‍ 1000 പേര്‍ക്ക് പകരം 1500 ബിരിയാണി തയ്യാറാക്കിയാണ് ആരാധകർക്ക് ഒപ്പം ഷിബു തന്‍റെ ഇഷ്‌ട ടീമിന്‍റെ വിജയം ആഘോഷമാക്കിയത്.
അർജന്‍റീന ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് കളി ജയിച്ചാൽ 1000 പേർക്ക് സൗജന്യമായി ബിരിയാണി നൽകാമെന്ന് ഷിബു പ്രഖ്യാപിക്കുന്നത്. ഞായറാഴ്‌ച ഉച്ചയോടെ തന്നെ ബിരിയാണി തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. അർജന്‍റീന വിജയിച്ചില്ലെങ്കിൽ ഇത് പാഴാകില്ലേയെന്ന് ഈ സമയം പലരും ഷിബുവിനോട് ചോദിച്ചുവെങ്കിലും തന്‍റെ ഇഷ്‌ട ടീമിലുള്ള വിശ്വാസത്തില്‍ ഷിബു മുന്നോട്ടുപോവുകയായിരുന്നു. ഒടുവിൽ അർജന്‍റീന കപ്പ് ഉയർത്തിയതോടെ പള്ളിമൂലയിലെ റോക്ക് ലാന്‍ഡ് ഹോട്ടലും ആഘോഷവേദിയായി.
പ്രഖ്യാപനം ശരിയാണോ എന്നറിയാൻ തിങ്കളാഴ്‌ച രാവിലെ മുതൽ ഹോട്ടലിലേക്ക് ആളുകൾ ഒഴുകിയെത്തി. പറഞ്ഞ വാക്കുപാലിച്ച് എല്ലാവരെയും വയറുനിറയെ ബിരിയാണി കഴിപ്പിച്ചാണ് ഷിബു മടക്കിയയച്ചത്. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളെത്തിയെങ്കിലും ആരും നിരാശരായില്ല. അർജന്‍റീനയുടെ കടുത്ത ആരാധകനായ ഷാഫി പറമ്പില്‍ എംഎല്‍എയും ഹോട്ടലിൽ നേരിട്ടെത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അർജന്‍റീന തോറ്റപ്പോൾ കൂറുമാറിയവർക്കുള്ള മറുപടിയാണ് ഈ വിജയമെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം.
മറഡോണയോടുള്ള ഇഷ്‌ടമാണ് ഷിബുവിനെ അർജന്‍റീനയിലേക്ക് ആകർഷിച്ചത്. 86-ൽ മറഡോണ ലോകകപ്പ് ഉയർത്തിയതിന് ശേഷം ലയണൽ മെസിയിലൂടെ കിരീടം വീണ്ടും മുത്തമിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഷിബുവിന്. ഈ സ്വപ്‌നം സഫലമായമ്പോൾ ആഘോഷിക്കാതിരിക്കുന്നതെങ്ങനെ എന്നാണ് ഷിബുവിന്‍റെ ചോദ്യം.