തൃശ്ശൂര്‍: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന്‍റെ വൈരാഗ്യത്തിൽ സുഹൃത്തിനെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ പെരുവാകുളങ്ങര പൊന്തേക്കൻ സൈമൺ (53) ആണ് അറസ്റ്റിലായത്. ഒല്ലൂർ അഞ്ചേരി കുരുതുകുളങ്ങര കൂള അന്തോണി മകൻ ജെയ്‌സൻ (56) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 17 നാണ് കേസിനാസ്‌പദമായ സംഭവം. കഴിഞ്ഞ വർഷം ജെയ്‌സന്‍റെ അഞ്ചേരിയിലുള്ള വീട് വിറ്റുകിട്ടിയ പണത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ സൈമണ് കടമായി കൊടുത്തിരുന്നു. ഈ പണം സൈമൺ ദിവസങ്ങൾക്കുള്ളിൽ ചീട്ട് കളിച്ച് കളഞ്ഞു. സംഭവമറിഞ്ഞ ജെയ്‌സന്‍ പണം തിരിച്ചു തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സൈമൺ മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് ജെയ്‌സനെയും കൊണ്ട് മാർച്ച് 15ന് രാത്രി മടവാക്കരയിൽ മണലിപുഴയോരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ച ശേഷം പണത്തെ ചൊല്ലി വാക്കുതർക്കമുണ്ടായി. പുഴയോരത്ത് നിന്നിരുന്ന ജെയ്‌സനെ സൈമൺ ബലമായി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം സൈമൺ തന്‍റെ മൊബൈൽ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു. പെരുമ്പാവൂരിലും, പാലക്കാടും ഒളിവിൽ കഴിഞ്ഞിരുന്ന സൈമൺ പത്ത് ദിവസം മുൻപ് നാട്ടിലെത്തി ഓട്ടോ ഓടിക്കുകയായിരുന്നു.
രണ്ട് ദിവസം പഴക്കമുണ്ടായിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിൽ മുങ്ങി മരണമാണെന്ന് തെളിഞ്ഞിരുന്നുവെങ്കിലും സംഭവത്തിൽ പൊലീസിന് സംശയം ഉണ്ടായിരുന്നു. ജെയ്‌സൺ പണം കടം കൊടുത്ത ആളുകളെ കുറിച്ച് നടത്തിയ അന്വേഷണവും, മണലിയിൽ എത്താനുള്ള സാഹചര്യവുമാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പുതുക്കാട് എസ്എച്ച്ഒ എസ്‌പി സുധീരൻ, എസ്ഐമാരായ കെഎൻ സുരേഷ്, ടിപി പോൾ, എഎസ്ഐമാരായ ടിഎ റാഫേൽ, മുഹമ്മദ് റാഫി, സീനിയർ സിപിഒ ഷാജു ചാതേലി, സിപിഒ കെഎസ് സിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.