തൃശൂര്‍: ജില്ലാ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരുന്ന ആറ് തടവുകാരും ഒരു രോഗിയുമടക്കം ഏഴ് പേർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് എട്ടോടെയാണ് സംഭവം. ആശുപത്രിയിലെ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഹാളില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് ആഭരണവും മൊബൈലും കവർന്നതിന് ശേഷം താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു , വിപിൻ, ജിനീഷ് എന്നീ പ്രതികളും ഒരു ഇതര സംസ്ഥാന രോഗിയുമാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനിടെ പ്രതികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിനെയും നഴ്സിങ് അസിസ്റ്റന്‍റിനേയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഇതിന്ശേഷം സംഘം മതിൽചാടി രക്ഷപ്പെടുകയായിരുന്നു.തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.