തൃശൂർ: കൊവിഡ് 19 രോഗബാധ സംസ്ഥാനത്ത് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി. സാമൂഹ്യ വ്യാപനം ഉണ്ടായാൽ മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിക്കും.
വൈറസ് വ്യാപനം നിലവിൽ നിയന്ത്രണ വിധേയമാണെങ്കിലും സമൂഹ വ്യാപനത്തിലേക്ക് കടക്കുകയാണെങ്കിൽ പ്രസ്‌തുത സാഹചര്യത്തിന് വേണ്ടി സമഗ്ര പദ്ധതിയാണ് തൃശൂർ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്. തൃശൂർ മെഡിക്കൽ കോളജിന്‍റെ നാലുനില ബ്ലോക്കിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. ആദ്യഘട്ടത്തിന്‍റെ ഭാഗമായി 40 ഐസൊലേഷൻ മുറികൾ സജ്ജീകരിച്ചു. ഇവിടെ 36 ഐസിയുകളും 26 വെന്റിലേറ്ററുകളുമുണ്ട്. രണ്ടാം ഘട്ടത്തിൽ അടുത്ത ബ്ലോക്കിലും ഇതേ സൗകര്യങ്ങൾ ഒരുക്കും. ഒരു വാർഡിനെ താത്കാലികമായി ക്യുബിക്കിൾ രൂപത്തിൽ വേർതിരിച്ചു. ഈ രീതിയിൽ 36 ക്യുബിക്കിൾ ഇപ്പോൾ തയ്യാറാണ്.
കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചാൽ നിലവിലെ ഒ.പി സംവിധാനത്തിൽ മാറ്റം വരും. രോഗികൾക്കും ഡോക്‌ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമെല്ലാം പ്രത്യേക സഞ്ചാര പാതകളുണ്ടാകും. നിബന്ധനകൾ എല്ലാം പാലിച്ച് സാമൂഹിക അകലം നിലനിർത്തി മികച്ച ചികിത്സ നൽകുന്ന സംവിധാനമാണ് തൃശൂർ മെഡിക്കൽ കോളജിൽ സജ്ജമായിരിക്കുന്നത്.