തൃശൂർ: പൂങ്കുന്നം ചക്കാമുക്കിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹൈടെക്ക് വാറ്റ് കേന്ദ്രം എക്സൈസ് സ്പെഷ്യൽ സ്കോഡ് പിടികൂടി. വരന്തരപ്പിള്ളി സ്വദേശികളായ രണ്ടുപേർ പിടിയിൽ. പൂങ്കുന്നത്തെ ചക്കാമുക്ക് മറവഞ്ചേരിയിൽ രണ്ട് നില വീട്ടിലെ താഴത്തെ നിലയിലാണ് വാറ്റ് നടത്തിയിരുന്നത്. മൂന്ന് മാസം മുമ്പാണ് പ്രതികൾ വീടുകളും സ്ഥാപനങ്ങളും ഫ്ളോർ ക്ലീനിംഗ് നടത്തുന്ന ഏജൻസി എന്ന പേരി| വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തിൽ വരന്തരപിള്ളി മണ്ണംപേട്ട സ്വദേശികളായ രാജേഷ്(28), വിഷ്ണു (27) എന്നിവരാണ് പിടിയിലായത്. 3000 ലിറ്റർ വാഷും, ഒരു ലിറ്ററിന്‍റെ കുപ്പികളിലാക്കി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 200 ലിറ്റർ ഛാരായവും പിടികൂടി.
ഒന്നാം പ്രതി രാജേഷ് മൂന്ന് വർഷം വിദേശത്തായിരുന്നു. അവിടേയും ഇത്തരത്തിൽ വാറ്റ് നടത്തിയിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ആ രീതിയിലാണ് പ്രതികൾ ഇവിടേയും വാറ്റ് നടത്തിയിരുന്നത്. 60 ലിറ്ററിന്‍റെ രണ്ട് വലിയ കുക്കറുകളും ഇതിനുള്ളിൽ കോപ്പർ കോയിലുകളും ഉപയോഗിച്ചാണ് ചാരായം വാറ്റുന്നത്. മണമില്ലാതിരിക്കാൻ ശർക്കരയ്ക്ക് പകരം പഞ്ചസാരയും ഈസ്റ്റും, പഴങ്ങളും ഉപയോഗിച്ചാണ് വാറ്റാൻ ആവശ്യമായ വാഷ് നിർമിച്ചിരുന്നത്. ഇരുപതിലധികം വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.
തൃശൂർ എക്സൈസ് അസിസ്‌റ്റന്‍റ് കമ്മിഷണർ വി.എ.സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്കോഡ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. സീൽ ചെയ്ത കുപ്പികളിലാക്കി ഫ്ളോർ ക്ലീനർ എന്ന വ്യജേനയാണ് ഇവർ ചാരായം വിൽപ്പന നടത്തിയിരുന്നത്. സംഭവത്തെ കുറിച്ച് കുടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അസിസ്‌റ്റന്‍റ് കമ്മിഷണർ അറിയിച്ചു.