തൃശൂർ: തൃശൂരിന്‍റെ നഗരവീഥികൾ ശുചിയാക്കാൻ ഹൈടെക് ട്രക്ക് എത്തി. വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ മെട്രോപൊളിറ്റൻ നഗരങ്ങളിലും ഉപയോഗിച്ചുവരുന്ന സാങ്കേതികവിദ്യയാണ് തൃശൂര്‍ കോർപ്പറേഷനിലും പ്രവര്‍ത്തനമാരംഭിച്ചത്. റോഡ് ശുചീകരണ ട്രക്കിന്‍റെ ഫ്ലാഗ് ഓഫ് സ്വരാജ് റൗണ്ടിൽ രാഗം തിയേറ്റർ പരിസരത്ത് മേയർ അജിത ജയരാജൻ നിർവഹിച്ചു. തൃശൂരിന്‍റെ നഗരവീഥികൾ ആധുനികരീതിയിൽ മാലിന്യമുക്തമാക്കാനും ശുചിത്വ നഗരമാക്കി മാറ്റാനുമാണ് കോര്‍പ്പറേഷന്‍ ഇത്തരമൊരു പദ്ധതി ആരംഭിച്ചതെന്ന് മേയര്‍ പറഞ്ഞു.
നഗര ശുചീകരണത്തിന് പ്ലാൻ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചാണ് കോയമ്പത്തൂരിലെ റൂട്ട്സ് മൾട്ടി ക്ലീൻ കമ്പനിയുടെ 'സ്വീപ്പർ ട്രക്ക്' കോർപ്പറേഷൻ സ്വന്തമാക്കിയത്. ട്രക്കിൽ ഘടിപ്പിച്ച ഓട്ടോമാറ്റിക് ബ്രഷ് സംവിധാനത്തിലൂടെ പൊടിയും മാലിന്യങ്ങളും വലിച്ചെടുക്കും. ഇരുവശത്തും മധ്യത്തിലുമായാണ് ബ്രഷുകൾ. ഏത് ദിശയിലേക്കും തിരിക്കാനാകും. ആറ് ടൺ വരെ മാലിന്യം സംഭരിക്കാനും നാല് മണിക്കൂറിൽ 10 കിലോമീറ്റർ വരെയുള്ള പ്രദേശം വൃത്തിയാക്കാനും ഇതിന് ശേഷിയുണ്ട്. ട്രക്ക് നിർമ്മിച്ച കമ്പനി ശുചീകരണ വിഭാഗം ജീവനക്കാർക്ക് ഒരുമാസത്തെ പ്രത്യേക പരീശീലനം നൽകിയിട്ടുണ്ട്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി രാത്രി മാത്രമായിരിക്കും യന്ത്രം പ്രവർത്തിപ്പിക്കുക.