തൃശൂർ: തൃശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഈ മാസം 21നാണ് തെരഞ്ഞെടുപ്പ്. അരയും തലയും മുറുക്കി ഡിവിഷൻ പിടിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികൾ. ഇടതുമുന്നണി സ്ഥാനാർഥി എം.കെ മുകുന്ദന്‍റെ മരണത്തെ തുടർന്നാണ് പുല്ലഴിയിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഇടത്-വലത് മുന്നണികള്‍ക്ക് ഒരുപോലെ നിർണായകമാണ്. കഴിഞ്ഞ തവണ കൈവിട്ട പുല്ലഴി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
സിറ്റിങ് സീറ്റായതിനാല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടത് മുന്നണി. ഇടത് വലത് മുന്നണികൾ ഭരിച്ച ഡിവിഷനിൽ ഇത്തവണ ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു. സിറ്റിങ് ഡിവിഷനാണെങ്കിലും കഴിഞ്ഞ തവണ മാത്രമാണ് പുല്ലഴി ഇടതുപക്ഷത്തിനൊപ്പം നിന്നത്. നിലവിൽ കോർപ്പറേഷനിൽ വിമതനുൾപ്പെടെ 25 പേര്‍ ഇടതുമുന്നണിക്കും, 23 യുഡിഎഫിനും, ബിജെപിക്ക് ആറ് സീറ്റുമാണുള്ളത്.