തൃശൂർ :സ്ഥാനാർഥി മരണപ്പെട്ടത്തിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച തൃശൂർ കോർപ്പറേഷൻ പുല്ലഴി വാർഡിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. വൈകീട്ട് അഞ്ച് മുതൽ ആറ് വരെ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം. പുല്ലഴി ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിലെ മൂന്ന് ബൂത്തുകളിലാണ് പോളിങ് നടക്കുക. ഡിവിഷനിൽ 4533 വോട്ടർമാരാണുള്ളത്. ഇതിൽ 2101 പുരുഷ വോട്ടർമാരും 2432 വനിതാ വോട്ടർമാരുമാണ്. ബൂത്ത് ഒന്നിൽ 1538, ബൂത്ത് രണ്ടിൽ 1485, ബൂത്ത് മൂന്നിൽ 1510 എന്നിങ്ങനെയാണ് വോട്ടർമാർ.
എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. എം കെ മുകുന്ദന്‍റെ അകാല നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച തദ്ദേശ പൊതു തെരഞ്ഞെടുപ്പാണിത്. ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. അഡ്വ. മഠത്തിൽ രാമൻ കുട്ടി (എൽഡിഎഫ് ), കെ .രാമനാഥൻ(യുഡിഎഫ് ), സന്തോഷ് പുല്ലഴി( എൻഡിഎ ) , ജോഗിഷ് എ ജോൺ (ആം ആദ്മി ), ആന്‍റണി പുല്ലഴി (സ്വതന്ത്രൻ), ജോഷി തൈക്കാടൻ (സ്വതന്ത്രൻ) തുടങ്ങിയവരാണ് സ്ഥാനാർഥികൾ.