തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി തൃശൂർ അതിരൂപത. അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് വിമർശനം. വോട്ട് പാഴാക്കാതെ വിനിയോഗിക്കണമെന്നാണ് ലേഖനത്തിൽ പ്രധാനമായി പറയുന്നത്.
എല്ലാം ശരിയാക്കാം എന്നു പറഞ്ഞു വന്നവർ ഒന്നും ശരിയാക്കിയില്ലെന്നും ചില നേതാക്കളുടെയും ആശ്രിതരുടെയും കാര്യങ്ങൾ മാത്രമാണ് ശരിയാക്കിയതെന്നുമാണ് അതിരൂപതയടെ വിമർശനം. വിശ്വാസികൾ വോട്ട് പാഴാക്കരുതെന്നും ജനോപകാരികളായ സ്ഥാനാർഥികൾക്ക് വോട്ട് നൽകണമെന്നും അതിരൂപത പറയുന്നു. ജനം നിശബ്‌ദരാകുമ്പോൾ ഇരുട്ടിന്‍റെ ശക്തികൾ വളരും.
വ്യത്യസ്ത മുന്നണികളുടെ പൊള്ളയായ വാഗ്‌ദാനങ്ങളിൽ മനംമടുത്ത് വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുന്നത് നാടിന്‍റെ ഭാവിയെ അപകടത്തിലാക്കുo. ജനാധിപത്യത്തിന്‍റെ നിലനിൽപ്പും ശക്തിയും ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതിലാണെന്നും കൊവിഡ് ഭയമോ മറ്റെന്തെങ്കിലുമോ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കാൻ കാരണമാകരുതെന്നും ലേഖനം സൂചിപ്പിക്കുന്നു. നാടിന്‍റെ ദുരവസ്ഥ ശാപമാണെന്ന് പരിതപിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാത്ത സ്ഥാനാർഥികളെ വിജയിപ്പിക്കില്ലെന്ന് രാഷ്‌ട്രീയ കക്ഷികളെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിതെന്നും കത്തോലിക്കാ സഭ ഓർമ്മിപ്പിക്കുന്നു. ഇത്തരക്കാർക്കെതിരെയുള്ള ശബ്‌ദമായി വോട്ട് ചെയ്യണമെന്നും ഒരൊറ്റ വോട്ടും പഴാക്കാതിരിക്കേണ്ടതും വോട്ട് ചെയ്യേണ്ടതും ജനത്തിന്‍റെ കടമയാണെന്നും കത്തോലിക്കാ സഭാ വ്യക്തമാക്കി.
കടമെടുത്ത കാശ് ഉപയോഗിച്ച് വീരാരാധന ജനിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പൊതുജനം കഴുതയാണെന്നാണ് ഇപ്പോഴും ചിലരുടെ ധാരണയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ത്യയെ മതരാഷ്‌ട്രമാക്കാൻ ശ്രമിക്കുന്നതിനെതിരെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.