തൃശൂര്‍: അവിണിശ്ശേരി പഞ്ചായത്തില്‍ യുഡിഎഫിന്‍റെ പിന്തുണയോടെ ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിച്ച പഞ്ചായത്തിലാണ് യുഡിഎഫിന്‍റെ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തത്. ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും സമാനമായ രീതിയില്‍ യുഡിഎഫ് അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് ആ ഭരണസമിതി രാജിവെക്കുകയായിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്: അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ജയിച്ച സിപിഎം സ്ഥാനാർഥി രാജിവച്ചു
സിപിഎമ്മിലെ എആർ രാജു തന്നെയാണ് വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. 14 അംഗ പഞ്ചായത്തിൽ ആറ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ച് സീറ്റുകളും യുഡിഎഫിന് മൂന്ന് സീറ്റുകളുമാണ് ലഭിച്ചത്. മധ്യകേരളത്തിൽ കഴിഞ്ഞ തവണ അധികാരത്തിലിരുന്ന ഏക പഞ്ചായത്ത് ഭരണമാണ് യുഡിഎഫും എൽഡിഎഫും കൈകോർത്തതോടെ ബിജെപിക്ക് നഷ്ടമായത്.