തൃശൂർ: ദേശമംഗലത്ത് കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നാമത്തെ വനപാലകനും മരിച്ചു. കൊടുമ്പ് സ്വദേശി വി എ ശങ്കരനാണ് അർധ രാത്രിയോടെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ,താൽക്കാലിക ജീവനക്കാരൻ കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻചിറ കൊറ്റമ്പത്തൂരിൽട്രൈബൽ വാച്ച് കോളനിയിലെ വേലായുധൻ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് പൂക്കോട് സ്റ്റേഷൻ പരിധിയിലെ കൊറ്റമ്പത്തൂർ വനമേഖലയിൽ കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിന്‍റെ ഭാഗമായ അക്കേഷ്യ മരങ്ങൾക്ക് തീ പടർന്നത്. തീ അണക്കാൻ പതിനാലോളം ഉദ്യോഗസ്ഥരും വാച്ചർമാരും അടങ്ങുന്ന വനംവകുപ്പ് സംഘമെത്തി നാട്ടുകാരോടൊപ്പം തീയണക്കാൻ ശ്രമിക്കുകയും നാലുമണിയോടെ തീ അണച്ച് മടങ്ങുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ശക്തമായ കാറ്റിൽ അടിക്കാടുകൾക്ക് തീ പടരുകയുമായിരുന്നു. സംഭവ സമയം ഫോറസ്റ്റ് സംഘത്തിൽപ്പെട്ട കുറച്ചുപേർ ഓടി രക്ഷപ്പെട്ടു. എന്നാൽ വാച്ചർമാരായ ശങ്കരൻ, വേലായുധൻ, ദിവാകരൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത് എന്നിവർ തീയിൽ പെടുകയായിരുന്നു. രഞ്ജിത് പുറത്തേക്ക് ചാടിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
2018 മാർച്ചിൽ കേരള - തമിഴ്നാട് അതിർത്തിയിൽ കോരങ്ങിണിയിൽ ഉണ്ടായ കാട്ടു തീയിൽ 23 പേർ മരിച്ചതിനു ശേഷം കേരളത്തിൽ ആദ്യമായാണ് തീ പടരുന്നത്. മൃതദേഹങ്ങൾ ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ടം നടത്തിയ ശേഷം സംസ്കരിക്കും. അതേസമയം ദേശമംഗലം കൊറ്റമ്പത്തൂരിലെ ഉൾ വനത്തിലെ കാട്ടു തീ ഇപ്പോഴും പൂർണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.