തൃശ്ശൂർ: പൂരവും കുടമാറ്റവും വെടിക്കെട്ടും നിറയുന്ന തൃശ്ശൂര്‍ തേക്കിൻകാട് മെെതാനിയില്‍ വള്ളുവൻനാടിന്റെ കലാ പൈതൃകമായ ''തിറ'' അരങ്ങേറി. വടക്കുംനാഥന്‍റെ മണ്ണിൽ പറകൊട്ടിന്‍റെ താളത്തിൽ തിറകൾ ചടുലനൃത്തം ചവിട്ടിയപ്പോൾ ആയിരങ്ങള്‍ ആരവങ്ങളുയര്‍ത്തി.
തുടി കലാസാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരള ടൂറിസം വകുപ്പിന്‍റെയും കേരള ഫോക്‌ലോർ അക്കാദമിയുടെയും സഹകരണത്തോടെ നടത്തിയ തിറ മഹോത്സവത്തിൽ 196 തിറകളും 172 പറകളുമാണ് അണിനിരന്നത്. ഇതോടെ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ''തുടി'' മഹോത്സവം ഇടം നേടാൻ സാധ്യതയേറി. ഇതോടൊപ്പം ഏഷ്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിലും ഇടം നേടാം.
അനുഷ്‌ഠാനകലയായ തിറയുടെ അനുഷ്ഠാനങ്ങൾ ചോർന്നു പോകാതെ രൂപംകൊടുത്ത ചുവടുകളാണ് മഹോത്സവത്തിനായി ചിട്ടപ്പെടുത്തിയത്. തൃശ്ശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ 35 മിനിറ്റായിരുന്നു റെക്കോർഡിനായുള്ള തിറ മഹോൽസവത്തിന്‍റെ അവതരണം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി 28 ദേശക്കാരാണ് തിറ മഹോത്സവത്തിൽ അണിനിരന്നത്. 368 കലാകാരൻമാരാണ് പങ്കെടുത്തത്. തിറയാട്ടം ഒടുവിൽ കൊട്ടി കലാശിച്ചപ്പോൾ കലാകാരൻമാർക്ക് അഭിനന്ദന പ്രവാഹവുമായി നൂറുക്കണക്കിന് പേരാണ് എത്തിയത്. കേരളത്തിൽ ആദ്യമായാണ്, ഒരു കാലത്ത് നാടിന്റെ സംസ്‌കൃതിയെ തൊട്ടുണർത്തിയിരുന്ന തിറയാട്ടം കൂട്ടായ്മ ഒരുക്കിയത്. തൃശ്ശൂരിൽ ഇതാദ്യമാണ് തിറ അരങ്ങേറുന്നതും. അന്യം നിന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ തിരിച്ച് കൊണ്ട് വരുന്നതിനും പുതു തലമുറയെ ഇതിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് തുടി കലാസാംസ്‌കാരിക വേദി തിറമഹോത്സവം സംഘടിപ്പിച്ചത്.