തൃശൂര്‍: തൃപ്രയാർ സെന്‍ററിൽ പ്രവർത്തിക്കുന്ന കെ.എ. ട്രേഡേഴ്സ് എന്ന പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തില്‍ മോഷണം. കടയില്‍ നിന്ന് നാലു ലക്ഷം രൂപ കവര്‍ന്നതായി ഉടമ പറഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം. രാവിലെ അഞ്ചരയോടെ കടയുടമ തൃപ്രയാർ സ്വദേശി കാവുങ്ങൽ വീട്ടിൽ ജബ്ബാർ കടയിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കടയ്ക്കുള്ളിലെ മേശവലിപ്പ് തുറന്ന നിലയിലായിരുന്നു. തുടർന്ന് കടയുടമ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണവിവരം വ്യക്തമായത്. മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ട് ദിവസത്തെ കളക്ഷൻ തുകയായ നാല് ലക്ഷം രൂപയാണ് മോഷ്ടാവ് കവർന്നത്.
കടയുടെ പുറകിലുള്ള എക്‌സ്ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റി ആ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് കടക്കുള്ളിലേക്ക് ഊഴ്ന്ന് ഇറങ്ങിയത്. തുടര്‍ന്ന് ഇതേ മാര്‍ഗത്തിലൂടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടതും. വിവരമറിഞ്ഞ് വലപ്പാട് സി.ഐ.കെ.സുമേഷ്,എസ്.ഐ. വി.സി.അരിസ്റ്റോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്ക് പുറകിൽ നിന്ന് അഞ്ഞൂറിന്‍റേയും നൂറിന്‍റേയും 5000 രൂപ കണ്ടെടുത്തു. മോഷണത്തിന് ശേഷം ദ്വാരത്തിലൂടെ ഊഴ്ന്നിറങ്ങി രക്ഷപ്പെടുമ്പോൾ നഷ്ടപ്പെട്ടതാകാമെന്നാണ് കരുതുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. കഴിഞ്ഞ ദിവസം വലപ്പാട് പഞ്ചായത്തോഫീസിന് സമീപം തുണിക്കട കുത്തിതുറന്ന് ഏഴായിരം രൂപയും ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന തുണിത്തരങ്ങളും മോഷണം നടത്തിയിരുന്നു.