തൃശൂർ: കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി വിദഗ്‌ധ ചികിത്സ ആവശ്യമായ രോഗിയേയും കൊണ്ട് വിമാനം കൊച്ചിയില്‍ എത്തി. എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന യൂണിവേഴ്‌സല്‍ എയര്‍ ആംബുലന്‍സാണ് ഈ സൗകര്യം ഒരുക്കിയത്. പക്ഷാഘാതം സംഭവിച്ച പത്തനംത്തിട്ട ഓമല്ലൂര്‍ സ്വദേശി ദിലീപ് ശബരീഷിനെയാണ് (30) കൊച്ചിയിൽ എത്തിച്ചത്.
മെയ് ആറിന് പുലര്‍ച്ചേ 1.30 നാണ് രോഗിയുമായുള്ള എയര്‍ ആംബുലന്‍സ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. യുഎഇ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിലീപ് ശബരീഷ് കൊവിഡ് കാലത്ത് യുഎഇയില്‍ നിന്ന് വൈദ്യചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മാറ്റിയ ആദ്യത്തെ രോഗിയാണ്. യുഎഇ സര്‍ക്കാരുകളുടെ പൂര്‍ണ്ണ പിന്തുണയും ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചു. എയർ ആംബുലന്‍സില്‍ ഒരു മെഡിക്കല്‍ സംഘവും ഒപ്പമുണ്ടായിരുന്നു. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടര്‍ന്ന് പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് രോഗിയെ എത്തിച്ചത്. രോഗിയെ കൈമാറുന്നതിന്‍റെ 72 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധനകള്‍ നടത്തുകയും കൈമാറുന്നതിന് മുമ്പ് രോഗിയും സഹയാത്രികനും കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഒരു ചാര്‍ട്ടേഡ് എയര്‍ ആംബുലന്‍സിന് വേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയാണ് ഇത് നടന്നത്. അനുമതിക്കായി കേന്ദ്രമന്ത്രി വി. മുരളീധരന്‍റെയും സന്നദ്ധ പ്രവര്‍ത്തകനായ പ്രവീണ്‍ കുമാറിന്‍റെയും സമയോചിതമായ ഇടപെടുലുകള്‍ സഹായിച്ചു.
ആഗോളതലത്തില്‍ എയര്‍ സ്പെയ്‌സില്‍ അമിത നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരമൊരു അനുമതി ലഭിച്ചത് ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടുന്നതിനുള്ള ഒരു നാഴികക്കല്ലാണെന്ന് യൂണിവേഴ്‌സൽ മെഡിക്കല്‍ ട്രാന്‍സ്‌ഫര്‍ സര്‍വീസസ് ഡയറക്ടര്‍ നിസാര്‍ അഷ്‌റഫ് പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരില്‍ നിന്ന് നിരവധി ട്രാന്‍സ്‌ഫർ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ട്. ഇതിനുള്ള അനുമതി ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എംബസികള്‍, വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിക്കുന്നുണ്ടെന്നും നിസാര്‍ അഷ്‌റഫ് പറഞ്ഞു.