തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ മച്ചാട് മാമാങ്കത്തിന് സമാപനം കുറിച്ചു. ആചാര വൈവിധ്യങ്ങളുടെ സമ്മോഹന നിമിഷങ്ങൾക്ക് സാക്ഷിയാവാൻ തിരുവാണിക്കാവ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പൂരാവേശത്തിന്‍റെ ആനന്ദലഹരിയിൽ ആറാടിയാണ് കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലൂടെ പൊയ്ക്കുതിരകളേന്തിയ ജനസാഗരം ഓംകാരാരവം മുഴക്കി തിരുവാണിക്കാവ് ക്ഷേത്ര മൈതാനിയെ ലക്ഷ്യമാക്കിയെത്തിയത്.
ചരിത്രപ്രസിദ്ധമായ മച്ചാട് മാമാങ്കം പനങ്ങാട്ടുകര, പുന്നംപറമ്പ്, തെക്കുംകര എന്നീ മൂന്ന് ദേശങ്ങൾ ഊഴപ്രകാരമാണ് നടത്തുന്നത്. തെക്കുംകര ദേശത്തിനായിരുന്നു ഈ വർഷത്തെ മഹോത്സവത്തിന്‍റെ നടത്തിപ്പ്. മംഗലം, പാർളിക്കാട് ദേശത്തിന്‍റെ കുതിരകളാണ് ആദ്യമെത്തിയത്. തുടർന്ന് കരുമത്ര, മണലിത്തറ, വിരുപ്പാക്ക എന്നീ ദേശ കുതിരകൾ ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തെ പാടത്ത് അണിനിരന്നു. തുടർന്ന് ക്ഷേത്ര കുതിരകളെത്തി ദേശക്കുതിരകളെ ആനയിച്ചു.
പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ എളുന്നള്ളിപ്പ് നടന്നു. കുംഭകുടങ്ങൾ, പൂതൻ തിറ, ഹരിജൻ വേല, പൂക്കാവടി, നാടൻ കലാരൂപങ്ങൾ എന്നിവ വർണ വിസ്‌മയ കാഴ്ച്ചകൾ സമ്മാനിച്ചു. വിവിധ ദേശങ്ങളുടെ പതിനൊന്ന് കുതിരകളാണ് ക്ഷേത്രാങ്കണത്തിൽ അണിനിരന്നത്. ആൺകുതിരയെന്ന സങ്കൽപ്പത്തിൽ മംഗലം അയ്യപ്പൻകാവിലെ കുതിരയാണ് എഴുന്നള്ളിപ്പിന് നെടുനായകത്വം വഹിക്കുന്നത്. കുതിരയെഴുന്നള്ളിപ്പിനും പാണ്ടിമേളത്തിനും ശേഷം കുതിര കളി നടന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിന്‍റെ മുകളിലേക്ക് കുതിരയെ എറിഞ്ഞ് തട്ടിക്കുന്നതോടെ കണ്ണിനും മനസിനും മതിവരാത്ത കാഴ്‌ചകൾ സമ്മാനിച്ചാണ് ഈ വർഷത്തെ മച്ചാട് മാമാങ്ക ആഘോഷ ചടങ്ങുകൾക്ക് പരിസമാപ്‌തി കുറിച്ചത്.