തൃശൂർ: കർണാടകയിലെ കൽബുർഗിയിൽ നിന്നെത്തിയ വിദ്യാർഥിക്ക് കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. തൃശൂർ ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. കൽബുർഗിയിൽ നിന്നും 11 അംഗ സംഘമാണ് ഇന്ന് പുലർച്ചെ തൃശൂരിലെത്തിയത്. സംഘത്തിലുള്ള മറ്റ് അംഗങ്ങൾ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ജില്ലാ കലക്‌ടർ എസ്. ഷാനവാസ് അറിയിച്ചു.
അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ ജില്ലയിലെ ചെറുതുരുത്തി ഉൾപ്പെടെയുള്ള ഇടങ്ങളിൽ എത്തിയെന്ന അഭ്യൂഹങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കലക്‌ടർ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച തൃശൂരിലെ യുവാവുമായി അടുത്തിടപഴകിയ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് കലക്‌ടർ അറിയിച്ചു. കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. നിലവിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഐസൊലേഷനിലാണ് കുട്ടി കഴിയുന്നത്. വൈറസ് ബാധിതനായ യുവാവിന്‍റെ ആരോഗ്യനിലയും തൃപ്‌തികരമാണ്. ജില്ലയിൽ ആകെ 1,937 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 52 പേർ ആശുപത്രികളിലും 1,885 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.