തൃശൂർ: പുരുഷൻമാർ മാത്രം ചെയ്തു വന്നിരുന്ന തൊഴിൽ മേഖലയിലേക്ക് ചങ്കൂറ്റത്തോടെ കടന്നു വന്ന തൃശൂർ സ്വദേശി സുബീന റഹ്മാന്‍റെ കഥയാണ് ഈ വനിതാ ദിനത്തിൽ തൃശൂരിൽ നിന്ന് പങ്കു വെയ്ക്കാനുള്ളത്. ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം മുക്തിസ്ഥാനിലെ മൃതദേഹം ദഹിപ്പിക്കുന്ന ജോലിയേറ്റെടുത്ത സുബീന റഹ്‌മാൻ ഇതുവരെ ആയിരത്തിലധികം അന്ത്യ യാത്രകൾക്കാണ് സാക്ഷിയായത്.
ഇരിങ്ങാലക്കുട സ്വദേശിയായ സുബീന റഹ്‌മാന്‍റെ ഒരു ദിവസം തുടങ്ങുന്നത് ഇഹലോകവാസം വെടിഞ്ഞ മനുഷ്യരുടെ അന്ത്യ ക്രിയ ചെയ്തുകൊണ്ടാണ്. ജീവിതത്തിലെ ഒരു ദുർഘട ഘട്ടത്തിൽ അതിജീവനത്തിനായി ഒരു ജോലി എന്ന നിലക്കാണ് 27-ാം വയസ്സിൽ സുബീന ഇരിങ്ങാലക്കുടയിലെ എസ്.എൻ.ബി.എസ് സമാജം മുക്തിസ്ഥാനിലെ ജോലി ഏറ്റെടുക്കുന്നത്.
ഭർത്താവിന്‍റെ ചുമലിൽ ഒതുങ്ങാതെ സമൂഹം കല്പിക്കപ്പെട്ട രീതികൾക്ക് വിഭിന്നമായി സ്വയം തൊഴിൽമേഖല തെരഞ്ഞെടുത്തപ്പോൾ സമൂഹം നല്‍കിയ അവഗണന സുബീന ഒരു ചെറു പുഞ്ചിരിയോടെ തള്ളിക്കളയുകയാണ്. ഒരു വർഷത്തിനിടെ ആയിരത്തോളം പേർക്കാണ് സുബീന അന്ത്യയാത്രയില്‍ ഒപ്പം നിന്നത്. ഇടയ്ക്ക് മനസൊന്നു പിടയുമെങ്കിലും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണാൻ കഴിയുന്നതാണ് സുബീനയുടെ വിജയം.
തുച്ഛമായ വരുമാനമാണ് മരിച്ചവരുടെ ബന്ധുക്കൾ പോലും ചെയ്യാൻ മനസ്സുകാണിക്കാത്ത ഈ തൊഴിലില്‍ സുബീന അടക്കമുള്ളവർക്ക് ലഭിക്കുന്നത്. സ്വയം തെരഞ്ഞെടുത്ത ജോലിയെ ആദ്യം എതിർത്ത ബന്ധുക്കളും നാട്ടുകാരും ഇന്ന് സുബീനയെ അംഗീകരിക്കുന്നുണ്ട്.
.