തൃശൂര്‍: തിരുപ്പിറവിയുടെ മഹനീയ കാഴ്‌ച തത്സമയമൊരുക്കി ക്രിസ്‌മസിനെ വരവേറ്റ് തൃശ്ശൂര്‍ മനക്കൊടി സെന്റ്. ജെമ്മാസ് സി.യു.പി.സ്കൂളിലെ കുട്ടികൾ. സാന്താക്ലോസിന്‍റെ വേഷവിതാനത്തെ അനുസ്മരിപ്പിക്കും വിധം ചുവപ്പു വസ്ത്രങ്ങളും തൊപ്പിയുമണിഞ്ഞാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലെത്തിയത്. 15 ടീമുകളായി 28 ക്ലാസുകളിലെ അധ്യാപകരും വിദ്യാർഥികളും ഒത്തൊരുമിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്.
തത്സമയ പുൽക്കൂടിന്റെ ഭാഗമായി വിദ്യാർഥികൾ യൗസേപ്പിതാവിന്‍റെയും മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും പ്രതിബിംബങ്ങളായി മാറി. സ്തുതിഗീതം ആലപിച്ചു കൊണ്ട് മാലാഖമാരോടൊപ്പം ഭൂമിയിലെ ജീവനുള്ള ആടുകളും, ആട്ടിടയരും ഒപ്പം ചേർന്നു. രണ്ടു മാസം മുതൽ ആറ് വയസുവരെയുള്ള കുരുന്നുകള്‍ ഉണ്ണിയേശുവിന്‍റെ വേഷമണിഞ്ഞ് തിരുപ്പിറവിയുടെ അനുസ്മരണ വേളയെ ധന്യമാക്കി.
അധ്യാപകരുടെയും വിദ്യാർഥികളുടെയും തത്സമയ പുൽക്കൂടിന് പ്രോത്സാഹനമായി രക്ഷിതാക്കളും ഒത്തു ചേർന്നു . സ്‌കൂൾ അങ്കണത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ അരിമ്പൂർ ഇടവക വികാരി ഫാ.പോളി നീലങ്കാവിൽ ക്രിസ്മസ് സന്ദേശം നൽകി. പ്രധാന അധ്യാപിക ജിൻസി തെരേസ്, പി.ടി.എ.പ്രസിഡന്റ് കെ.കെ. ലാസർ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.