തൃശൂർ: കാലാവസ്ഥ വ്യതിയാനത്തിനെതിരെ തൃശൂരിൽ വലയം തീർത്ത് വിദ്യാർഥികൾ. അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത സംഗമം കാലാവസ്ഥ ഉച്ചകോടിയിൽ ഗ്രേറ്റ തുൻബർഗിനൊപ്പം പ്രതിഷേധിച്ച പന്ത്രണ്ട് വയസുകാരി റിദിമ പാണ്ഡേ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകമെങ്ങും നടക്കുന്ന വിദ്യാർഥി– യുവജന മുന്നേറ്റങ്ങളോടൊപ്പം അണി ചേരുന്നതിനായാണ് തൃശൂർ തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുര നടയിൽ വിദ്യാർഥികൾ ഒത്തു ചേർന്നത്.
സ്റ്റുഡൻസ് ഫോർ ക്ലൈമറ്റ് റിസൈലൻസ് എന്ന സംഘടനയാണ് വിദ്യാർഥിസംഗമം സംഘടിപ്പിച്ചത്. ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികളടങ്ങുന്ന അയ്യായിരത്തോളം വിദ്യാർഥികളും ഇരുപതോളം സാമൂഹിക– പരിസ്ഥിതി സംഘടനകളും സ്വരാജ് റൗണ്ടിന് ചുറ്റും തീർത്ത കാലാവസ്ഥ വലയത്തിൽ അണിനിരന്നു. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് വിദ്യാർഥികൾ റിദിമ പാണ്ഡേക്കൊപ്പം പ്രതിജ്ഞയെടുത്തു.