തൃശൂർ: തൃശൂരിൽ അതീവ ജാഗ്രത. രണ്ട് ദിവസത്തിനിടെ 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായതോടെയാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ജില്ലയിൽ അടച്ചിടൽ ഒഴിവാക്കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം. പൊതുസ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുമുണ്ട്. തൃശൂർ നഗരസഭയിലെ 12 വാർഡുകൾ ഉൾപ്പടെ ജില്ലയിലെ 10 പ്രദേശങ്ങൾ ഹോട്ട്സ്‌പോട്ടിലാണ്. ശനിയാഴ്ചത്തെ വിവാഹങ്ങൾ നടത്താൻ അനുമതിയുണ്ട്. ഗുരാവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് താല്‍കാലിക വിലക്കുണ്ട്.
കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരും. ഈ പ്രദേശങ്ങളിലേക്ക് കടക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കാനാണ് തീരുമാനം. ചാവക്കാട് ആശുപത്രിയിൽ മുൻ കരുതലിന്‍റെ ഭാഗമായി ഒപി നിർത്തി. വരും ദിവസങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ജില്ലയിൽ ആളുകൾ കുടുംബമൊന്നായി പൊതു ഇടങ്ങളിൽ എത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി എ.സി മൊയ്തീൻ കൊവിഡ് അവലോകന യോഗത്തിന് ശേഷം കഴിഞ്ഞ ദിവസം അറിയിച്ചു. ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തൃശൂർ കോർപ്പറേഷൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സെൻട്രൽ വെയർഹോസിങ് കോർപ്പറേഷൻ ഗോഡൗണും അടച്ചിട്ടിരിക്കുകയാണ്. രോഗികളുമായി അടുത്തിടപഴകിയ മറ്റ് തൊഴിലാളികളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു.
ജില്ലയിലെ ഹോട്ട്സ്‌പോട്ടുകളും കണ്ടെയ്ൻമെന്‍റ് സോണുകളും: അവണൂർ പഞ്ചായത്ത് (എല്ലാ വാർഡുകളും), അടാട്ട് പഞ്ചായത്ത് (എല്ലാ വാർഡുകളും), ചേർപ്പ് പഞ്ചായത്ത് (എല്ലാ വാർഡുകളും), വടക്കേക്കാട് പഞ്ചായത്ത് (എല്ലാ വാർഡുകളും), തൃക്കൂർ പഞ്ചായത്ത് (എല്ലാ വാർഡുകളും), ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി (1 - 10, 32 - 41 വാർഡുകൾ), വാടാനപ്പിള്ളി പഞ്ചായത്ത് (എല്ലാ വാർഡുകളും), ഏങ്ങണ്ടിയൂർ പഞ്ചായത്ത് (എല്ലാ വാർഡുകളും), ചാവക്കാട് മുൻസിപ്പാലിറ്റി (1 - 4, 16 - 32 വാർഡുകൾ), തൃശൂർ നഗരസഭ (24 - 34, 41 വാർഡുകൾ).