തൃശൂർ: പാലപ്പിള്ളി വലിയകുളത്ത് ഹാരിസൺ റബ്ബർ എസ്റ്റേറ്റിൽ കൂട്ടിയിട്ട മണ്ണ് ചിമ്മിനി ഡാം റോഡിലേക്ക് വീഴുന്നത് അപകടങ്ങൾക്കിടയാക്കുന്നു. റബ്ബർ മരങ്ങൾ മുറിച്ചുകൊണ്ടു പോകുന്നതിനായി തോട്ടങ്ങളിൽ നിർമിച്ച പാതകൾക്ക് വേണ്ടി കൂട്ടിയിട്ട മണ്ണും കല്ലുമാണ് റോഡിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ മണ്ണും കല്ലും കുത്തിയൊലിച്ച് റോഡിൽ അടിഞ്ഞ് കൂടിയിരുന്നു. ചെളിനിറഞ്ഞ റോഡിൽ ബൈക്കുകൾ തെന്നി വീഴുന്നത് പതിവായി. രണ്ട് ദിവസം മുൻപ് ചെളിയിൽ ബൈക്ക് മറിഞ്ഞുവീണ് മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരനായ എച്ചിപ്പാറ സ്വദേശി കുന്നുമ്മേൽ രാജന് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് നിരവധി പേരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
ജനുവരി പകുതിയോടെ റബ്ബർമരങ്ങൾ മുറിച്ചുമാറ്റി കൊണ്ടുപോയെങ്കിലും കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ ഹാരിസൺ കമ്പനിയും കരാറുകാരും തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ടാപ്പിംഗ് അവസാനിപ്പിച്ച 20000ത്തോളം റബ്ബർ മരങ്ങളാണ് വലിയകുളം മേഖലയിൽ നിന്ന് മുറിച്ചുമാറ്റിയത്. ഈ മരത്തടികൾ ലോറികളിൽ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് തോട്ടങ്ങളിൽ അമ്പതിലേറെ താൽകാലിക പാതകൾ നിർമിച്ചത്. ഉയർന്ന പ്രദേശങ്ങളിൽ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നിർമിച്ച പാതകളുടെ സമീപത്തും ചിമ്മിനി ഡാം റോഡിനോട് ചേർന്നുമാണ് മണ്ണും കല്ലും കൂട്ടിയിട്ടിരിക്കുന്നത്. മഴ പെയ്തതോടെ ഇവയെല്ലാം താഴ്ന്ന ഭാഗത്തുള്ള റോഡിലേക്കാണ് ഒഴുകിയെത്തിയത്.
വലിയകുളത്ത് പല ഭാഗങ്ങളിലാണ് ഇത്തരത്തിൽ മണ്ണൊലിച്ച് വന്നിരിക്കുന്നത്. കമ്പനി അധികൃതർ പ്രശ്നത്തിൽ ഇടപെടാതെ വന്നതോടെ മേഖലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ മഴ പെയ്താൽ വൻതോതിൽ മണ്ണും കല്ലും റോഡിലേക്കെത്താൻ സാധ്യതയുണ്ടെന്നും ഇത് നിരവധി അപകടങ്ങൾക്കിടയാക്കുമെന്നും നാട്ടുകാർ പറയുന്നു.തോട്ടങ്ങളിൽ യന്ത്രസാമഗ്രികൾ ഉപയോഗിക്കരുതെന്ന കരാർ ലംഘനം നടത്തിയാണ് കമ്പനി അധികൃതർ പാതകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിനെതിരെ വനംവകുപ്പ് നടപടിയെടുത്തില്ലെന്ന ആക്ഷേപമുണ്ട്.