തൃശൂർ : സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷയ്ക്കായി ഇനി സ്‌നിഫര്‍ ഡോഗുകളുമുണ്ടാകും. ലൂക്ക്, റാംബോ, റോക്കി, ബ്രൂണോ, ടെസ എന്നിവരടങ്ങുന്ന സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡാണ് സർവീസിൽ പ്രവേശിച്ചത്. തൃശൂർ വിയ്യൂരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇവരെ വിയ്യൂര്‍ അതീവ സുരക്ഷ ജയിലുള്‍പ്പടെയുള്ളവയുടെ സുരക്ഷയ്ക്കായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കഠിന പരിശീലനം പൂർത്തിയാക്കിയ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡ് പാസിങ് ഔട്ട് പരേഡും പൂർത്തിയാക്കി. ലൂക്ക്, റാംബോ എന്നീ നായ്‌ക്കൾ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്കും റോക്കി തവനൂർ ജയിലിലേക്കും ബ്രൂണോ, ടെസ എന്നിവ പൂജപ്പുരയിലെ സെൻട്രൽ ജയിലിലേക്കുമാണ് സർവീസിൽ പ്രവേശിക്കുക.
ജയിലിലേക്ക് കഞ്ചാവ് മാത്രമല്ല, എംഡിഎംഎയും മരിജ്വാനയും ഒളിപ്പിച്ചുകടത്തിയാല്‍ പോലും കണ്ടെത്താനുള്ള പരിശീലനം ഇവർ നേടിയിട്ടുണ്ട്. പൊലീസ് അക്കാദമിയില്‍ നിന്നുള്ള എഎസ്ഐ മധുരാജായിരുന്നു പരിശീലകന്‍. പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത മുഖ്യാതിഥിയ്ക്ക് ബൊക്കെ നല്‍കി സ്വീകരിച്ചത് റാംബോയായിരുന്നു. പിന്നീട് അഞ്ച് പേരുടെയും അഭ്യാസ പ്രകടനങ്ങളും നടന്നു.