തൃശൂർ: കൊക്കെയ്ൻ വിൽപന നടത്തിയ ആറംഗ സംഘത്തെ തൃശൂർ കയ്‌പമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്നും 60 മില്ലിഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. കുടിലിങ്ങൽ സന്ദേശ്, മൂന്നുപിടിക ബീച്ച് കടവിൽ വീട്ടിൽ മുഹമ്മദ് ഫസൽ, ചളിങ്ങാട് സ്വദേശികളായ കോനത്ത് വീട്ടിൽ അദ്‌നാൻ, മുടവൻകാട്ടിൽ നാദിർഷ, മതിലകം സ്വദേശികളായ തറയിൽ വിഷ്‌ണു, വെളിയത്ത് വീട്ടിൽ അഖിൽ എന്നിവരെയാണ് എസ്ഐ കെ.എസ്.സുബിന്ദും സംഘവും അറസ്റ്റ് ചെയ്‌തത്. ലോക്ക് ഡൗൺ കാലയളവിൽ കയ്പമംഗലം മേഖലയിൽ യുവാക്കളിൽ ലഹരിമരുന്ന് ഉപയോഗം കൂടുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
എറണാകുളത്ത് നിന്നാണ് മയക്കുമരുന്ന് കൊണ്ട് വരുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പിടിയിലായവർ കഞ്ചാവ് , ഹാഷീഷ്, എംഡിഎംഎ തുടങ്ങിയവയും ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. തീരദേശ മേഖലയിൽ വിവിധയിടങ്ങളിൽ ലഹരി മരുന്നുകൾ വിതരണം ചെയ്തതായും പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പിടിയിലായവരുടെ മൊബൈൽ ഫോണിൽ നിന്ന് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പേരു വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് കൊക്കെയ്‌നിന്‍റെ പണം കൈമാറുന്നത്.