തൃശൂർ: കാറളത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേർ പൊലീസ് പിടിയില്‍. കാറളം സ്വദേശി ഉണ്ണിക്കണ്ണൻ (52), മക്കളായ വിഷ്ണു (25), വിവേക് (24), പറമ്പൻ വീട്ടില്‍ വിശാഖ് (20), സഹോദരൻ വിഷ്‌ണു (22), എടക്കുളം സ്വദേശി മുരുകേഷ് (22) എന്നിവരെയാണ് ഡിവൈഎസ്‌പി ഫെയ്‌മസ് വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭരണി ആഘോഷത്തിനിടെ നടന്ന തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കാറളം സ്വദേശി വിഷ്ണു വാഹിദിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനിടെ വെട്ടേറ്റ കാറളം സ്വദേശി സേതുവിനെ മാർച്ച് 2ന് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. ഇയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതേ തുടർന്നുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് പ്രതികൾ കൊല്ലപ്പെട്ട വിഷ്ണു വാഹിദ് അടക്കമുള്ളവരെ കാറളം പള്ളത്തെ കൊയ്ത്ത് പാടത്തേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു.
വിഷ്ണു വാഹിദിനെ മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തി കൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്തു. വിഷ്‌ണുവിന്‍റെ കൂടെയുണ്ടായിരുന്ന സേതു, ശിവ, സുമേഷ്, ആഷിഖ് എന്നിവരെ വാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇവർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറളം മുൻപഞ്ചായത്ത് പ്രസിഡന്‍റ് പുല്ലത്തറ ചങ്കരംങ്കണ്ടത്ത് സി.വി.വാസുവിന്‍റെ മകനാണ് വിഷ്‌ണു വാഹിദ്. സിഐമാരായ എം.ജെ ജിജോ, കെ.എസ്.സന്ദീപ് കുമാർ, എസ്ഐമാരായ വി.വി വിമൽ, കെ.എസ് സുശാന്ത്, സീനിയർ സിപിഒ സജീവ്കുമാർ, സിപിഒമാരായ മുരുകദാസ്, സജീവ് കുമാർ, ഷാനവാസ്, ഉണ്ണിക്കൃഷ്ണൻ, വിപിൻദാസ്, ധനേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.