തൃശൂർ: ലോക്‌ഡൗണിൽ വിരസത നേരിടുന്ന കുരുന്നുകൾക്ക് വാട്‌സാപ്പിലൂടെ ചിത്രരചന പഠിപ്പിക്കുകയാണ് അധ്യാപകനായ പുതുക്കാട് സ്വദേശി ഷാജു സ്വർഗചിത്ര. 55 കുട്ടികളാണ് ഷാജുവിന്‍റെ വാട്‌സാപ്പ് ക്ലാസിലൂടെ ചിത്രരചന പഠിക്കുന്നത്. അടാട്ട്, പുതുക്കാട്, ചെങ്ങാലൂർ, ആനന്ദപുരം എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇതുവരെ ഷാജുവിന്‍റെ ഓൺലൈൻ പഠിതാക്കളായത്.
വരച്ച ചിത്രവും വരയ്ക്കുന്ന ദൃശ്യങ്ങളും ഷാജു വാട്‌സാപ്പ് വഴി കുട്ടികൾക്ക് അയക്കും. അത് നോക്കി കുട്ടികൾ ചിത്രങ്ങൾ വരക്കുകയും വാട്‌സാപ്പിലൂടെ തിരിച്ചയക്കുകയും ചെയ്യും. വീട്ടിലിരുന്ന് ഷാജു ചിത്രങ്ങൾ പരിശോധിക്കും. അവധിക്കാലം അവസാനിക്കുമ്പോൾ ഇത്തരത്തിൽ സൂക്ഷിക്കുന്ന ചിത്രങ്ങളിൽ നിന്ന് മികച്ചവ തിരഞ്ഞെടുത്ത് സമ്മാനം നൽകുമെന്നും ഷാജു പറയുന്നു.
![ഷാജു സ്വർഗചിത്ര lock down Painting Class Shaju Swargachithra WhatsApp Painting Class ഷാജു സ്വർഗചിത്ര പുതുക്കാട്](https://etvbharatimages.akamaized.net/etvbharat/prod-images/6654796_painting33.png)
![ഷാജു സ്വർഗചിത്ര lock down Painting Class Shaju Swargachithra WhatsApp Painting Class](https://etvbharatimages.akamaized.net/etvbharat/prod-images/6654796_painting44.png)
![ഷാജു സ്വർഗചിത്ര lock down Painting Class Shaju Swargachithra WhatsApp Painting Class ഷാജു സ്വർഗചിത്ര പുതുക്കാട്](https://etvbharatimages.akamaized.net/etvbharat/prod-images/6654796_painting22.png)
സാധാരണ അവധിക്കാലത്ത് നിന്നുതിരിയാൻ നേരമില്ലാത്തയാളാണ് ചിത്രകലാധ്യാപകനായ ഷാജു. ചിത്രകലയോട് അഭിനിവേശം തോന്നിയെത്തുന്നവർക്ക് ക്ലാസുകളെടുക്കാൻ ഓടിനടക്കുന്ന സമയമാണിത്. എന്നാൽ ഇത്തവണ ലോക്‌ഡൗൺ നിയന്ത്രണത്തിൽ വീട്ടില്‍ വിശ്രമിക്കേണ്ടി വന്നു. അപ്പോഴാണ് ഓൺലൈൻ ചിത്രരചന ക്ലാസ് എന്ന ആശയം ഉദിച്ചത്.
പുലിക്കളിക്ക് സ്വയം പുലിവേഷം വരച്ച് മുമ്പും ശ്രദ്ധേയനായ വ്യക്തിയാണ് ഷാജു. കൂടാതെ ആന പ്രേമിയായ ഷാജുവിന്‍റെ ആന ചിത്രങ്ങളും ശിൽപങ്ങളും മാധ്യമ ശ്രദ്ധ നേടിയവയാണ്. ബാഹുബലി സിനിമക്ക് പിന്നാലെ ഷാജു നിർമിച്ച ചിറയ്ക്കൽ കാളിദാസന്‍റെ കൂറ്റൻ ശിൽപം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലോക്‌ഡൗൺ ദിവസങ്ങളിൽ നേരംപോക്കിന് വീടിന്‍റെ ചുമരിൽ വരച്ച ഊട്ടോളി മഹാദേവൻ എന്ന ആനയുടെ ചിത്രവും ഷാജു പൂർത്തിയാക്കി കഴിഞ്ഞു.