തൃശൂര്‍: കഠിനപ്രയത്‌നത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിന്‍റെ ആഹ്ളാദത്തിലാണ് തൃശൂർ കോലഴി സ്വദേശി കെ മീര. തന്‍റെ സേവനം സ്വന്തം നാടിനായി നല്‍കണമെന്ന സ്വപ്‌നത്തിലാണ് ഈ തൃശൂർക്കാരി.
ജില്ലയിലെ ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങില്‍ 2016 ല്‍ ബിരുദം നേടിയ മീര ബെംഗളൂരുവിൽ ജോലി നേടി. പിന്നീട്, സിവിൽ സർവീസെന്ന ആഗ്രഹത്തിലേക്ക് കടക്കുകയും തുടര്‍ന്ന നാലാമത്തെ പരിശ്രമത്തിലാണ് റാങ്ക് ഉറപ്പിക്കുകയുമായിരുന്നു.
മധുരം നല്‍കി മന്ത്രി
വെള്ളിയാഴ്ച വൈകുന്നേരം പരീക്ഷാഫലം അറിഞ്ഞതോടെ അഭിനന്ദന പ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തന്നെ അഭിനന്ദനമറിയിക്കാന്‍ വിളിച്ചെന്ന് മീര പറയുന്നു. റവന്യൂമന്ത്രി കെ. രാജൻ വീട്ടിൽ നേരിട്ടെത്തി. മീര നാടിന്‍റെ അഭിമാനമാണെന്നും കേരള കേഡറിൽ തന്നെ സിവിൽ സർവീസ് ലഭിച്ചെന്നത് കൂടുതൽ സന്തോഷം നൽകുന്നതാണെന്നും അദ്ദഹം പറഞ്ഞു.
ALSO READ: സിവിൽ സർവീസസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകളിൽ മലയാളികളും
റാങ്ക് ജേതാവിന് മധുരം നൽകിയാണ് മന്ത്രി ആഘോഷത്തിന്‍റെ ഭാഗമായത്. തൃശൂർ പോട്ടോർ കെട്ടിട നിർമാണ കമ്പനി നടത്തുന്ന കെ. രാംദാസിന്‍റെയും മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹൈസ്‌കൂൾ അധ്യാപിക കെ. രാധികയുടെയും മകളാണ്.
അമൃത സിവിൽ സർവീസ് അക്കാദമിയിൽ നിന്നുമാണ് സിവിൽ സർവീസ് പരീക്ഷയുടെ പ്രധാന ഘട്ടമായ ഇന്‍ർവ്യൂവിനായുള്ള പരിശീലനം നേടിയത്. ജില്ല കലക്‌ടർ ഹരിത വി കുമാർ, സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, ജനപ്രതിനിധികൾ തുടങ്ങിയവരും റാങ്ക് ജേതാവിന്‍റെ വീട്ടിലെത്തി.