തൃശൂര്‍: തൃശൂർ കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ലയെ ഒരു പോയിന്‍റിന് പിന്നിലാക്കി കോഴിക്കോട് ഓവറോൾ ചാമ്പ്യൻമാരായി. ആദ്യ രണ്ട് നാളുകളിൽ നാലാമതായി നിന്നിരുന്ന കോഴിക്കോടാണ് അവസാന ദിവസത്തിൽ 20 പോയിന്‍റ് നേടി ഒന്നാമതെത്തിയത്.
രണ്ടാം ദിവസം മുന്നിലായിരുന്ന പാലക്കാട് സമാപന നാളിൽ ഉച്ചയോടെയാണ് പിറകിലായത്. കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത മികച്ച സ്‌കൂളായി ബിഎസ്എസ് ഗുരുകുലം പാലക്കാട് തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള പുരസ്കാരം ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ സമ്മാനിച്ചു.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായ ഐടി മേളയിൽ മികച്ച ജില്ലയായി എറണാകുളവും, മികച്ച സ്കൂളായി സെന്റ് തോമസ് എച്എസ് നടവയൽ വയനാടും അർഹരായി. സാമൂഹിക ശാസ്ത്ര മേളയിൽ മികച്ച ജില്ലയായി കണ്ണൂരും മികച്ച സ്‌കൂൾ വിഭാഗത്തിൽ ജിഎച്ച്എസ് വെട്ടത്തൂരും, ഗണിതമേളയിൽ കോഴിക്കോട് ജില്ലയും മികച്ച സ്‌കൂളായി ടിആർകെഎച്എസ്എസ് വാണിയംകുളം പാലക്കാടും തെരഞ്ഞെടുക്കപ്പെട്ടു. ശാസ്‌ത്ര മേളയിൽ മികച്ച ജില്ലയായി കണ്ണൂർ ജില്ലയും മികച്ച സ്‌കൂൾ വിഭാഗത്തിൽ വിവിഎച്എസ്എസ് താമരക്കുളം ആലപ്പുഴയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.