തൃശൂർ : തൃശൂർ അവണൂരിൽ രക്തം ഛർദിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ശശീന്ദ്രന്‍റെ മകനായ മയൂര നാഥ് (25) ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. അവണൂർ സ്വദേശിയായ ശശീന്ദ്രൻ (57) കഴിഞ്ഞ ദിവസമാണ് ഭക്ഷണം കഴിച്ചതിന് പിന്നാലെ രക്തം ഛർദിച്ച് മരിക്കുന്നത്.
ശശീന്ദ്രന്‍റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ അങ്ങനെ അല്ലെന്നും, നടന്നത് ആസൂത്രിത കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. മകന്‍ മയൂര നാഥിന്‍റെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. മെഡിക്കൽ കോളജ് പൊലീസാണ് മയൂര നാഥിനെ അറസ്‌റ്റ് ചെയ്‌തത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ശശീന്ദ്രൻ കഴിച്ച കടലക്കറിയിൽ താൻ വിഷം കലർത്തുകയായിരുന്നുവെന്ന് മയൂര നാഥ് പൊലീസിനോട് സമ്മതിച്ചു. ആയുർവേദ ഡോക്‌ടറായ മയൂര നാഥ് വിഷം സ്വയം നിർമ്മിക്കുകയായിരുന്നു. ഇതിനുള്ള സാധനങ്ങൾ ഓൺലൈനിൽ നിന്ന് വാങ്ങി. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് ഇഡ്ഡലിയും കടലക്കറിയും കഴിച്ച ശശീന്ദ്രൻ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ നിൽക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്തം ഛർദിക്കുകയും മരണപ്പെടുകയുമായിരുന്നു.
ശശീന്ദ്രന്‍റെ അമ്മയും ഭാര്യയും വീട്ടിൽ പണിക്ക് വന്ന രണ്ട് തൊഴിലാളികളും ഭക്ഷണം കഴിച്ച് അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അസ്വാഭാവിക മരണം എന്ന നിലയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വീട്ടിൽ മറ്റുള്ളവരെല്ലാം ഭക്ഷണം കഴിച്ചിട്ടും മയൂര നാഥ് കഴിക്കാതിരുന്നത് പൊലീസിന്‍റെ സംശയത്തിനിടയാക്കി.
അമ്മയുടെ മരണം തളർത്തി : മയൂര നാഥൻ പൊലീസിന് നൽകിയ മൊഴിയിൽ അമ്മയുടെ മരണമാണ് അച്ഛനോട് തനിക്കുള്ള പകയ്ക്ക് കാരണമെന്നാണ് പറഞ്ഞത്. മയൂര നാഥന്‍റെ അമ്മ എട്ട് വർഷങ്ങൾക്ക് മുമ്പാണ് മരണമടഞ്ഞത്. എന്നാൽ ഭാര്യ മരിച്ച് ഒരു വർഷത്തിനുള്ളിൽ ശശീന്ദ്രൻ രണ്ടാം വിവാഹം കഴിച്ചു. എന്നാൽ അച്ഛന്‍റെ തീരുമാനം മയൂര നാഥൻ അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നിട്ടുണ്ട് എന്ന സംശയത്തെ തുടർന്ന് ശശീന്ദ്രന്‍റെ ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനയ്ക്കായി കാക്കനാട്ടെ ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ശശീന്ദ്രന്‍റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് ഇന്നലെ മയൂര നാഥിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ശശീന്ദ്രൻ തൃശൂര്‍ പുഴയ്ക്കല്‍ ശോഭ സിറ്റിയില്‍ സൂപ്പര്‍വൈസറായിരുന്നു.
കാഞ്ചിയാറിലെ കൊലപാതകം ഭാര്യയോടുള്ള വൈരാഗ്യം മൂലം : ഇടുക്കി കട്ടപ്പന കാഞ്ചിയാറിലെ അനുമോളുടെ (വത്സമ്മ) കൊലപാതകത്തിന് ഭർത്താവ് ബിജേഷിനെ പ്രേരിപ്പിച്ചത് വൈരാഗ്യം. ഇവരുടെ അഞ്ച് വയസുകാരിയായ മകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. സ്‌കൂളില്‍ അടയ്ക്കാനുള്ള പണം അനുമോൾ തിരികെ ചോദിച്ചത് ബിജേഷിനെ പ്രകോപിപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനിടെ അനുമോളെ ബിജേഷ് ഷാൾ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു.
അനുമോളുടേത് ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ പ്രതി യുവതിയുടെ കൈയിലെ ഞരമ്പ് മുറിക്കുകയും ചെയ്‌തു. ഒടുക്കം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. പിന്നീട് ആർക്കും സംശയം തോന്നാതിരിക്കാൻ അനുമോളുടെ മാതാപിതാക്കളുടെ കൂടെ പൊലീസ് സ്‌റ്റേഷനിലെത്തി യുവതിയെ കാണാനില്ലെന്ന് പരാതിയും നൽകി. മാർച്ച് 17ന് രാത്രി 9.30 ഓടെയാണ് കൊലപാതകം നടത്തിയതെന്ന് ബിജേഷ് പൊലീസിന് മൊഴി കൊടുത്തിരുന്നു.