തൃശൂര്‍: പെരിങ്ങോട്ടുകര മലയാളം സാംസ്കാരിക വേദി സംഘടിപ്പിച്ച ഋഷഭയാഗം നാടിനുത്സവമായി. കന്നുകളുടെ വീറും വാശിയും നിറഞ്ഞ കാളപ്പൂട്ട് കാണാന്‍ ആയിരത്തോളം ജനങ്ങളായിരുന്നു പെരിങ്ങോട്ടുകരയിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിന്‍റെ കാർഷിക സംസ്‌കൃതി തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുത്തന്‍പീടിക തോന്നിയകാവ് ക്ഷേത്രത്തിന് സമീപം ഋഷഭയാഗം എന്ന പേരിൽ കാർഷികോത്സവം സംഘടിപ്പിച്ചത്.
ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരം കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കാരണവരായ അഡ്വ.രഘുരാമപ്പണിക്കരിൽ നിന്നും മുടിയൻ കോല് ഏറ്റുവാങ്ങി അഡ്വ. ഋഷികേശ് പണിക്കർ ആദ്യ കാളപ്പൂട്ടിന് സാരഥിയായി. 120ലധികം കാളകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 250ലധികം പേര്‍ ഇവയുടെ പരിപാലകരായും എത്തി. പാലക്കാടൻ കന്നുകൾക്കൊപ്പം തൃശൂരിലെ അന്തിക്കാട്, താന്ന്യം, ആവണേങ്ങാട്ട് കളരി എന്നിവിടങ്ങളിലെ കാളകളും മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു.
പരിപാടിയോടനുബന്ധിച്ച് നടന്ന കാർഷിക മേളയിൽ നൂറോളം വൈവിധ്യമാർന്ന സ്റ്റാളുകൾ, നെൽവിത്ത് പ്രദർശനം, സൗജന്യ പച്ചക്കറി വിത്തുകൾ, ജൈവ വളം, ഔഷധം സസ്യങ്ങൾ എന്നിവയുടെ വിതരണം, പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം എന്നിവയും ഒരുക്കിയിരുന്നു.