തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ (Karuvannur bank fraud case) ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു(R.Bindhu) പങ്കെടുത്തത് വിവാദത്തില്‍. കേസിൽ ഇനിയും പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ മുൻ ഭരണ സമിതി അംഗം അമ്പിളി മഹേഷിന്‍റെ (Ambili Mahesh) മകളുടെ വിവാഹ സൽക്കാരത്തിലാണ് മന്ത്രി ആർ.ബിന്ദു പങ്കെടുത്തത്. കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും സിപിഎം മന്ത്രിയുമായ ആർ.ബിന്ദു വരന്‍റെ ഇരിങ്ങാലക്കുട മുരിയാടിലെ വീട്ടിലെ വിവാഹ ചടങ്ങിലാണ് പങ്കെടുത്തത്.
കേസിലെ പ്രതി അമ്പിളി മഹേഷിന്‍റെ മകളുമൊത്ത് ഭക്ഷണം കഴിച്ചും സ്റ്റേജില്‍ വധൂവരന്മാര്‍ക്കെപ്പം നിന്ന് ചിത്രങ്ങളെടുത്തുമാണ് മന്ത്രി മടങ്ങിയത്. വിവാഹ സൽക്കാരത്തിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെ കരുവന്നൂർ തട്ടിപ്പിൽ പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന വിഭാഗം ഇത് വിവാദമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയ തട്ടിപ്പുകാരോട് ഇപ്പോഴും പാര്‍ട്ടി നേതാക്കൾക്ക് കൂറുണ്ടെന്നാണ് അണികളുടെ ആരോപണം.
104 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് അമ്പിളി മഹേഷ് ഉൾപ്പടെ 11 ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. ഇവരില്‍ അമ്പിളി മഹേഷ് ഉൾപ്പടെ രണ്ട് പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഇനിയും അറസ്റ്റിലാകാനുള്ള കിരൺ എന്നയാൾ വിദേശത്തേക്ക് കടന്നതായും പറയപ്പെടുന്നു. ഭരണസമിതിയംഗങ്ങളിൽ ബാക്കി എല്ലാവരേയും രണ്ട് മാസം മുൻപ് അറസ്റ്റ് ചെയ്‌തിരുന്നു.
ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് അമ്പിളി മഹേഷിനെ അറസ്റ്റിൽ നിന്ന് സംരക്ഷിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് മന്ത്രി വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ പാർട്ടി പ്രവർത്തകരായ വരന്‍റെ കുടുംബത്തിന്‍റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
Also Read: സ്വത്തുതര്‍ക്കം; രണ്ടാനച്ഛൻ ആസിഡ് ഒഴിച്ചയാള്‍ മരിച്ചു