തൃശ്ശൂര്‍: വായ്‌പ എടുത്ത രണ്ട് ലക്ഷം രൂപക്ക് പകരമായി രണ്ടരക്കോടി വിലവരുന്ന ദേശീയപാതയോരത്തെ ഭൂമി സ്വന്തമാക്കാൻ പഞ്ചാബ് നാഷണല്‍ ബാങ്ക് ശ്രമിക്കുന്നെന്ന പരാതിയിൽ വനിതാ കമ്മീഷൻ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.
വായ്‌പ കുടിശികയുടെ പേരിൽ വായ്‌പ തുകയേക്കാൾ മൂല്യമുള്ള സ്ഥലം പഞ്ചാബ് നാഷണൽ ബാങ്ക് കൈവശപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. തുടര്‍ന്ന് വനിതാ കമ്മീഷൻ തൃശൂര്‍ തലോറിലെ സ്ഥലത്ത് സന്ദർശനം നടത്തി വിവരങ്ങൾ നേരിട്ട് ശേഖരിച്ചു. കുടുംബത്തെ കുടിയൊഴിപ്പിക്കാനാകില്ലെന്നും ബാങ്കിന്‍റെ ബാധ്യത തീർത്ത് താമസസ്ഥലം വഴിയോട് കൂടി വിട്ടു നൽകണമെന്നും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തുടർനടപടികൾ കമ്മീഷൻ കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും എം സി ജോസഫൈൻ പറഞ്ഞു. കാഴ്‌ച വൈകല്യമുള്ള വ്യക്തി താമസിക്കുന്ന വീട്ടിൽ വൈദ്യുതി വിഛേദിച്ച കെഎസ്ഇബിയുടേത് മനുഷ്യത്വരഹിത നടപടിയാണ്. ഈ വിഷയത്തിൽ കെഎസ്ഇബിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും എം സി ജോസഫൈൻ പ്രതികരിച്ചു. വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് 10 വര്‍ഷമായി ഇവര്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത വീട്ടിലാണ് താമസിക്കുന്നത്.