തൃശൂർ: പാലിയേക്കര ടോൾ പാതയ്ക്ക് സമാന്തരമായുള്ള പുലയ്ക്കാട്ടുകര പാലം യാഥാർഥ്യമാകുന്നു. മണലിപ്പുഴയ്ക്ക് കുറുകെ തൂണുകളില്ലാത്ത പാലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂർത്തിയാകുന്നത്. 46.50 മീറ്റർ നീളമുള്ള പാലം ബോക്‌സ് ഗർഡറിൽ ഒറ്റ സ്‌പാനിലാണ് കോൺക്രീറ്റിങ് പൂർത്തിയാക്കുന്നത്.
സംസ്ഥാനത്തെ തൂണുകളില്ലാത്ത നീളമേറിയ പാലമാണ് പുലയ്ക്കാട്ടുകരയിലേതെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്‌ജസ് വിഭാഗം എ.ഇ ദീപ പറഞ്ഞു. നെന്മണിക്കര- തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയിൽ മരത്താക്കരയിൽ നിന്ന് ആമ്പല്ലൂരിലേക്ക് സമാന്തരപാത യാഥാർത്ഥ്യമാകും. നബാർഡ്, സംസ്ഥാന സർക്കാർ എന്നിവരുടെ 3,75,00000 രൂപ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന പാലം ഒരു മാസം കൊണ്ട് പൂർത്തിയാകുമെന്നാണ് കരുതുന്നത്. 9.6 മീറ്റർ വീതിയുള്ള പാലത്തിന് ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാതയുമുണ്ടാകും.
കൊവിഡ് 19 മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ വ്യക്തി അകലം പാലിച്ചാണ് ആദ്യഘട്ട കോൺക്രീറ്റിങ് നടന്നത്. കോൺക്രീറ്റിങ് ആരംഭിച്ചതോടെ നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാർ എത്തിയത് പ്രതിസന്ധി സൃഷ്ടിച്ചു. പുതുക്കാട് പൊലീസെത്തി തിരക്ക് നിയന്ത്രിച്ച ശേഷമാണ് കോൺക്രീറ്റിങ് പുനരാരംഭിച്ചത്.
15 ദിവസത്തെ ഇടവേളകളിൽ രണ്ടും മൂന്നും ഘട്ട കോൺക്രീറ്റിങ് കൂടി പൂർത്തിയായാല്‍ പുലയ്ക്കാട്ടുകരക്കാരുടെ സ്വപ്‌നം യാഥാർഥ്യമാകും. പാലം പണി കഴിഞ്ഞാൽ ഇരുവശത്തേയും അനുബന്ധ റോഡുകൾ യോജിപ്പിച്ച് വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ ഗതാഗത യോഗ്യമാക്കും. ഇതിൽ നെന്മണിക്കര പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗങ്ങളും തൃക്കൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പുറംപോക്കും ഏറ്റെടുത്തു കഴിഞ്ഞു. പ്രദേശത്തെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ച 37 ലക്ഷം രൂപയിലാണ് അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തത്.